കുത്തിയൊലിച്ച് ഒഴുകുന്ന കനാലിന് അരികില്‍ നിന്ന് സെല്‍ഫി; അമ്മയും മകളും ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഭോപ്പാല്‍: പ്രളയത്തെ തുടര്‍ന്ന് കുത്തിയൊലിച്ച് ഒഴുകുന്ന കനാലിന് അരികില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയും മകളും കനാലില്‍ വീണുമരിച്ചു. മധ്യപ്രദേശിലെ മാന്‍ഡസോറിലാണ് സംഭവം.

മാന്‍ഡസോര്‍ ഗവണ്‍മെന്റ് കോളേജിലെ പ്രൊഫസറായ ആര്‍.ഡി. ഗുപ്തയുടെ ഭാര്യ ബിന്ദു ഗുപ്തയും മകള്‍ അശ്രിതിയുമാണ് കനാലില്‍ വീണത്. വ്യാഴാഴ്ച രാവിലെ 7.30 നാണ് സംഭവം നടന്നത്.മൂന്നുപേരും ഒരുമിച്ചുള്ള സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ നിന്നിരുന്ന ചെറുപാലം തകര്‍ന്നുവീഴുകയും അമ്മയും മകളും കനാലിലേക്ക് വീഴുകയുമായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ പിന്നീട് കണ്ടെത്തി.

ഇരുവരും വെള്ളത്തില്‍ വീണതറിഞ്ഞ് ഓടിക്കൂടിയ പ്രദേശവാസികളും പിന്നാലെയെത്തിയ പോലീസും പരിശ്രമിച്ചിട്ടും ഇരുവരെയും ജീവനോടെ രക്ഷിക്കാനായില്ല.

Top