Woman reads out headlines of husband’s death

റായ്പുര്‍: മാധ്യമ ലോകത്തെ അമ്പരിപ്പിച്ച് സ്വന്തം ഭര്‍ത്താവിന്റെ മരണം വായിച്ച് ദേശീയ ചാനല്‍ അവതാരക .

ചത്തീസ്ഗഡിലെ സ്വകാര്യ ചാനലായ ഐ.ബി.സി 24 ന്റെ അവതാരക സുപ്രീത് കൗര്‍ ആണ് മനസാന്നിധ്യവും ധൈര്യവും കൈവിടാതെ സ്വന്തം ഭര്‍ത്താവിന്റെ മരണ വാര്‍ത്ത വായിച്ച് തീര്‍ത്തത്. അപകടത്തില്‍ മരണപ്പെട്ടയാള്‍ തന്റെ ഭര്‍ത്താവാണെന്ന് തിരിച്ചറിഞ്ഞ അവതാരക പതറാതെ വാര്‍ത്ത മുഴുവന്‍ വായിച്ചു തീര്‍ത്താണ് സ്റ്റുഡിയോ വിട്ടത്.

വാര്‍ത്തയുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി റിപ്പോര്‍ട്ടറെ ബന്ധപ്പെട്ടപ്പോഴാണ് മരിച്ചത് തന്റെ ഭര്‍ത്താവാണെന്ന് അവതാരക തിരിച്ചറിയുന്നത്. തത്സമയ സംപ്രേഷണം ആയതിനാല്‍ അവര്‍ വായനക്കിടയില്‍ വികാരാധീനയാവാതെ വാര്‍ത്ത വായിച്ചു തീര്‍ക്കുകയായിരുന്നു.

ഇന്ന് രാവിലെയുള്ള വാര്‍ത്ത ബുള്ളറ്റിലാണ് അപകടവാര്‍ത്ത ബ്രേക്കിംഗ് ന്യൂസായി വന്നത്. മഹാസമുന്‍ഡ് ജില്ലയിലെ പിത്താരയില്‍ ഉണ്ടായ വാഹനാപകടത്തെ കുറിച്ചായിരുന്നു വാര്‍ത്ത. അഞ്ചു പേര്‍ സഞ്ചരിച്ചിരുന്ന റെനോള്‍ ഡസ്റ്റര്‍ കാര്‍ അപകടത്തില്‍പ്പെട്ടെന്നും മൂന്നു പേര്‍ സംഭവ സ്ഥലത്തു വെച്ച് മരണപ്പെട്ടെന്നുമായിരുന്നു ബ്രേക്കിംഗ് ന്യൂസ്.

അപകടത്തില്‍പ്പെട്ടത് തന്റെ ഭര്‍ത്താവ് സഞ്ചരിച്ച വാഹനമാണ് എന്ന് മനസ്സിലാക്കാന്‍ സുപ്രീതിന് അതു ധാരാളമായിരുന്നു. ഭര്‍ത്താവ് സ്ഥിരമായി പോകുന്ന റോഡ്, സമയം ഇന്നും അതുവഴിതന്നെ അദ്ദേഹം പോകുമെന്നും നാലു സുഹൃത്തുക്കള്‍ കൂടെയുണ്ടാകുമെന്നും കൗറിന് അറിയാമായിരുന്നു.

ന്യൂസ് റിഡീംഗിനായി സുപ്രീത് കയറിയുടനെ തന്നെ അപകടത്തില്‍ അവരുടെ ഭര്‍ത്താവ് മരിച്ചെന്ന വാര്‍ത്ത ന്യൂസ് റൂമില്‍ എത്തിയിരുന്നു. എന്നാല്‍ സഹപ്രവര്‍ത്തകര്‍ക്കാര്‍ക്കും വാര്‍ത്താവായനക്കിടെ അവരോട് വിവരം പറയാന്‍ ധൈര്യമുണ്ടായിരുന്നില്ല. വാര്‍ത്ത കഴിഞ്ഞിറങ്ങിയ ഉടനെ സുപ്രീത് ബന്ധുക്കളെ വിളിക്കുകയും തന്റെ സംശയം ശരിയായിരുന്നുവെന്ന് സ്വയം മനസ്സിലാക്കുകയുമായിരുന്നുവെന്നും ന്യൂസ് എഡിറ്റര്‍ പറയുന്നു.

28കാരിയായ സുപ്രീത് കൌര്‍ ഐബിസി – 24 ല്‍ കഴിഞ്ഞ 9 വര്‍ഷമായി മാധ്യമപ്രവര്‍ത്തകയാണ്. ബിലായ് സ്വദേശിനിയായ അവര്‍ ഒരു വര്‍ഷം മുന്പാണ് ഹര്‍സാദ് കവാഡെയെ വിവാഹം കഴിക്കുന്നത്.

Top