ജയലളിതയുടെ മകളാണെന്ന് അവകാശവാദം, ഡി.എൻ.എ ടെസ്റ്റ് ആവശ്യപ്പെട്ട് കോടതിയിൽ !

ന്യൂഡല്‍ഹി : തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകളാണെന്ന അവകാശ വാദവുമായി ബെംഗളൂരു യുവതി രംഗത്ത്.

37 കാരിയായ അമൃതയാണ് താന്‍ ജയലളിതയുടെ മകളാണെന്നും, തെളിയിക്കുന്നതിനായി ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

ജയലളിതയുടെ സഹോദരിയാണ് തന്നെ ദത്തെടുത്ത് വളര്‍ത്തിയതെന്നും, കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചിന് ജയലളിതയുടെ മരണശേഷമാണ് ജയലളിതയാണ് തന്റെ അമ്മയെന്ന് അറിയുന്നതെന്നും നവംബര്‍ 22 ന് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

എന്നാല്‍ അറുപത്തിയെട്ടാം വയസില്‍ രോഗങ്ങള്‍ക്ക് കീഴടങ്ങി മരണപ്പെട്ട ജയലളിത ഒരിക്കലും വിവാഹം കഴിച്ചിരുന്നില്ല.

സംഭവത്തില്‍ പരാതിക്കാരി പറയുന്നത് ഒന്നും വ്യക്തമല്ലെന്നും ഇതിനെ സംബന്ധിച്ച് ഞങ്ങള്‍ക്ക് യാതൊരു അറിവും ഇല്ലെന്നും എഐഎഡിഎംകെ വക്താവ് സത്യന്‍ രാജന്‍ അഭിപ്രായപ്പെട്ടു.

തിങ്കളാഴ്ച സുപ്രീംകോടതി ഹര്‍ജി പരിഗണിക്കും.

1980 ആഗസ്ത് 14 ന് ജയലളിതയുടെ മൈലാപ്പൂരിലെ വസതിയിലാണ് തനിക്ക് ജന്മം നല്‍കിയതെന്നും ബ്രാഹ്മണ കുടുംബത്തിന്റെ അന്തസ്സ് നശിക്കാതിരിക്കാന്‍ രഹസ്യമായി വെയ്ക്കുകയായിരുന്നുവെന്നും അമൃത പരാതിയില്‍ സൂചിപ്പിക്കുന്നു.

അമൃതയുടെ അമ്മായിമാരായ എല്‍.എസ്. ലളിതയും രഞ്ജിനി രവീന്ദ്രനാഥും കേസില്‍ കക്ഷികളാണ്. ജയലളിതയുടെ അര്‍ധ സഹോദരിമാരായ ഇരുവരും അമൃതയുടെ അവകാശവാദം അംഗീകരിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ജയലളിതയുടെ മൂത്ത സഹോദരി ശൈലജയുടെ വളര്‍ത്തുപുത്രിയാണ് അമൃത. 2015ലാണ് ശൈലജ മരിച്ചത്. വൈകാതെ ഇവരുടെ ഭര്‍ത്താവ് സാരഥിയും മരിച്ചു. മരണക്കിടക്കയില്‍ വെച്ച് സാരഥിയാണ് ജയലളിതയുടെ മകളാണ് അമൃത എന്ന സത്യം വെളിപ്പെടുത്തിയതെന്നും ഹര്‍ജിയില്‍ പറയുന്നു.

രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുന്‍പ് തമിഴകത്തെ തിളങ്ങുന്ന താരമായിരുന്ന ജയലളിതക്ക് ഭൂമിയായും വീടുകളായും ആഭരണങ്ങളായും കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ട്.

2016ല്‍ തെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 113 കോടിയുടെ സ്വത്തുണ്ടെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Top