ഇന്ന് കേരളത്തിലുള്‍പ്പെടെ പലരും യാത്ര ചെയ്യാന്‍ ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ ടാക്‌സികളെയാണ്. ഓണ്‍ലൈന്‍ ടാക്‌സി എന്ന് പറയുമ്പോള്‍ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് ഊബര്‍ തന്നെയായിരിക്കും. സ്വന്തം വാഹനം പോലെയാണ് പലര്‍ക്കും ഊബര്‍. സുരക്ഷിതത്തിന്റെ കാര്യത്തില്‍ പൂര്‍ണ വിശ്വാസവും ആയിരിക്കും.
എന്നാല്‍, പ്രതീക്ഷിക്കാതിരിക്കുമ്പോള്‍ ഡ്രൈവര്‍ യാത്രയ്ക്കിടെ ഉറങ്ങിയാലോ.. ആ അവസ്ഥയെ കുറിച്ചൊന്ന് ചിന്തിച്ച് നോക്കൂ. അങ്ങനെയൊരു സംഭവമാണ് മുംബൈയില്‍ കഴിഞ്ഞ ദിവസം നടന്നത്. എന്നാല്‍ അയ്യോ എന്ന് പറഞ്ഞ് ആരും കണ്ണ് തള്ളേണ്ട. ഒരു ട്വിസ്റ്റുണ്ട്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. മുംബൈയില്‍ നിന്നും പൂനെയിലേക്കുള്ള യാത്രക്കായി യുവതി ഊബര്‍ ടാക്‌സി വിളിച്ചു. കുറച്ചു ദൂരം പോയതിനുശേഷം വാഹനം ഗതാഗതക്കുരുക്കില്‍ അകപ്പെട്ടു. ഈ സമയം ഡ്രൈവര്‍ ഉറങ്ങിപ്പോയി. തുടര്‍ന്ന് മറ്റൊരു വാഹനം വന്ന് ചെറിയ രീതിയില്‍ കാറിനെ ഇടിക്കുകയും ചെയ്തു. തുടര്‍ന്ന് 28കാരിയായ യുവതി ഗതാഗതക്കുരുക്കില്‍ നിന്നും കാര്‍ എടുത്തു.
തേജസ്വിനി ദിവ്യ നായിക് എന്ന യുവതി തന്റെ ഈ അനുഭവം ട്വിറ്ററിലൂടെയാണ് പങ്കുവെച്ചത്. ഡ്രൈവര്‍ ഉറങ്ങുന്നതിന്റെ ചിത്രങ്ങളും ട്വിറ്ററിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. തേജസ്വിനിയുടെ കൃത്യസമയത്തുള്ള ഇടപെടലാണ് വന്‍ അപകടത്തില്‍ നിന്ന് രക്ഷിച്ചത്.
‘ദൈവമേ… നന്ദി. ഇതു സംഭവിക്കുമ്പോള്‍ ഞാന്‍ ഉറങ്ങാതിരുന്നതിനാലാണ് ഇപ്പോഴും ഞാന്‍ ജീവനോടെയിരിക്കുന്നത്. മറ്റുള്ളവരുടെ ജീവന്‍ വെച്ച് ചിലര്‍ കളിക്കുകയാണ് ‘- തേജസ്വിനി കുറിച്ചു.
എന്നാല്‍ യുവതി ട്വിറ്ററിലൂടെ സംഭവം പുറം ലോകത്തെ അറിയിച്ചതോടെ ഊബര്‍ തന്നെ യുവതിയോട് മാപ്പ് പറയുകയും ചെയ്തു.