പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയില്ല; അമ്മ മകളെ കഴുത്ത് ഞെരിച്ച് കൊന്നു

മുംബൈ: പ്രണയത്തിൽ നിന്ന് പിൻമാറാൻ മകൾ തയ്യാറാകാഞ്ഞതിനെ തുടർന്ന് അമ്മ മകളെ ശ്വാസം മുട്ടിച്ച് കൊന്നു.പാപു വാഖല എന്ന വീട്ടമ്മയാണ് മകൾ നിർമ്മലയെ ഷാൾ കൊണ്ട് കഴുത്തിന് മുറുക്കി കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രി പൈധോനിയിലെ സാന്ത് തുക്കാറയിലാണ് സംഭവം.

ഇരുപത്തിമൂന്നുകാരിയായ നിർമ്മല കഴിഞ്ഞ കുറച്ച് നാളുകളായി ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാൽ വീട്ടുകാര്‍ ഈ ബന്ധത്തെ എതിർക്കുകയും ഇതിൽ നിന്ന് പിൻമാറാൻ പെൺകുട്ടിയെ നിരന്തരമായി നിർബന്ധിക്കുകയും ചെയ്തിരുന്നു. വീട്ടുകാരുടെ നിർബന്ധം സഹിക്കവയ്യാതെ യുവതി ഞായറാഴ്ച യുവാവിനൊപ്പം ഇറങ്ങിപ്പോകാൻ തീരുമാനിച്ചു. എന്നാൽ അമ്മ ഇതിന എതിർക്കുകയും ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും ചെയ്തു. തർക്കത്തിനൊടുവിൽ അമ്മ ഷാൾ ഉപയോഗിച്ച് മകളുടെ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിക്കുകയുമായിരുന്നു. അതിന് ശേഷം അമ്മ പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തി കീഴടങ്ങി.

സംഭവത്തിൽ നിർമ്മലയുടെ സഹോദരൻ ആകാശ് വഖേലയെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടത്താൻ സഹായിച്ചുവെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. ഇവരുടെ വീട്ടിൽ നിന്ന് കൊലയ്ക്കുപയോഗിച്ച ഷാളും മറ്റ് തെളിവുകളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

Top