മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ കോച്ചായി തുടരാന്‍ ബിസിസിഐക്ക് അപേക്ഷ സമര്‍പ്പിച്ച് മുന്‍ കോച്ച് രമേശ് പവാര്‍. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ മിതാലി രാജുമായി സഹകരിച്ചു പോകുന്നതില്‍ തനിക്ക് തടസ്സം ഒന്നും ഇല്ലെന്നും ടീമില്‍ കോച്ചായി തുടരാന്‍ ആഗ്രഹിക്കുന്നുവെന്നും രമേശ് പവാര്‍ പറയുന്നു.
ട്വന്റി 20 ലോകകപ്പിനിടയിലും ശേഷവും ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളും ഉണ്ടായിരുന്നു. തുടര്‍ന്ന് പരസ്പരം ആരോപണങ്ങളുന്നയിച്ച് ബിസിസിഐയില്‍ രേഖാമൂലം പരാതിപ്പെടുകയും ചെയ്തു.
ട്വന്റി 20 ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും പവാറിനെ കോച്ചായി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബിസിസിഐ പുതിയ പരിശീലകനായി അപേക്ഷ ക്ഷണിക്കുകയായിരുന്നു.
ഹെര്‍ഷല്‍ ഗിബ്‌സ്, മനോജ് പ്രഭാകര്‍, ഡേവ് വാട്ട്‌മോര്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് പവാറും അപേക്ഷ നല്‍കിയിരിക്കുന്നത്. കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവരുള്‍പ്പെട്ട മൂന്നംഗ സമിതി ഈമാസം 20ന് അപേക്ഷകരുമായി അഭിമുഖം നടത്തിയാണ് പുതിയ കോച്ചിനെ നിയമിക്കുക.