തിരുവനന്തപുരം: വെട്ടുകാട് പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കിടെ വീട്ടമ്മയുടെ മുപ്പത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കഴിഞ്ഞമാസം 26നായിരുന്നു പ്രവാസിയായ നിര്‍മ്മലയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത്.
സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സിസി ടിവി ദൃശ്യങ്ങളില്‍ ഒരു യുവതി നിര്‍മലയെ വിടാതെ പിന്തുടരുന്നത് ശ്രദ്ധയില്‍ പെട്ടത്.
നിര്‍മ്മല പള്ളിയിലേക്ക് വരും വഴി അമ്പലത്തറയിലെ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന മുപ്പത് പവര്‍ സ്വര്‍ണവും വജ്രമാലയും എടുത്ത് ബാഗില്‍ വച്ചിരുന്നു. തുടര്‍ന്ന് വൈകിട്ടോടെ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തുകയായിരുന്നു.
പള്ളിയില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ച പൊലീസ് ഒരു യുവതി നിര്‍മലയെ വിടാതെ പിന്തുടരുന്നത് കണ്ടെത്തിയിട്ടുണ്ട്. പ്രാര്‍ത്ഥന സമയത്ത് നിര്‍മലയുടെ സമീപത്തെത്തിയ യുവതിയുടെ കൈ ബാഗിലേക്ക് നീളുന്നതും ദൃശ്യത്തിലുണ്ട്. തുടര്‍ന്ന് പള്ളിയില്‍ നിന്നും വേഗത്തില്‍ പുറത്തിറങ്ങിയ യുവതി ഒരു ബസില്‍ കയറി പോകുന്നതും കാണാം. പൊലീസ് അന്വേഷിച്ചുവെങ്കിലും കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. തുടര്‍ന്ന് യുവതിയുടെ ചിത്രം പുറത്ത് വിടുകയായിരുന്നു. വലിയതുറ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.