ദിലീപിനു കിട്ടാത്ത നീതി എം.എൽ.എക്കോ ? ഏത് പി.ആർ കമ്പനിയാണ് ഇതിനു പിന്നിൽ ?

കൊച്ചി: സ്ത്രീപീഡന ഗൂഢാലോചനാക്കേസില്‍ അറസ്റ്റിലായ നടനും പീഢനക്കേസില്‍ അറസ്റ്റിലായ എം എല്‍ എക്കും രണ്ട് നീതിയോ ?

നടി ആക്രമിക്കപ്പെട്ട കേസില്‍ തട്ടിപ്പുകാരനും ക്രിമിനലുമായ പള്‍സര്‍ സുനിയുടെ വാക്ക് കേട്ടാണ് പൊലീസ് ദിലീപിനെ അറസ്റ്റ് ചെയ്തതും മാധ്യമങ്ങള്‍ വളഞ്ഞിട്ട് ആക്രമിച്ചതും.

ദിലീപിനെ നേരിട്ട് ബന്ധപ്പെടുത്താന്‍ പറ്റുന്ന വ്യക്തതയുള്ള ഒരു തെളിവും ഇതുവരെ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലങ്കിലും ബലാത്സംഗ കുറ്റമടക്കം ചുമത്തപ്പെട്ടതിനാല്‍ ജാമ്യം നിഷേധിക്കപ്പെട്ട് ദിലീപ് ഇപ്പോഴും ജയിലില്‍ തുടരുകയാണ്.

മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് മാത്രമല്ല ഹൈക്കോടതിയില്‍ നിന്നു പോലും ഇത്തരം വകുപ്പുകളില്‍ പെട്ടെന്ന് ജാമ്യം ലഭിക്കാന്‍ സാധ്യത കുറവാണെന്നും കിട്ടിയാല്‍ തന്നെ അത് മഹാത്ഭുതമാണെന്നുമാണ് നിയമ കേന്ദ്രങ്ങള്‍ പോലും പറയുന്നത്.

വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ കോവളം എം.എല്‍.എ വിന്‍സന്റ് ഇപ്പോള്‍ അറസ്റ്റിലായിട്ടുണ്ടെങ്കിലും ദിലീപിനോട് കാണിക്കാത്ത ‘പരിഗണന’യും പരിരക്ഷയുമാണ് ഇവിടെ വിന്‍സന്റിന് ഒരു വിഭാഗം നല്‍കുന്നത്.

ദിലീപിനെ സംരക്ഷിക്കുന്നു എന്നാരോപിച്ച് നടന്‍ മമ്മുട്ടിയുടെ പനമ്പള്ളി നഗറിലെ വീട്ടിന് മുന്നില്‍ റീത്ത് വെച്ച യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ബലാത്സംഗ കേസിലെ പ്രതിയായ എം.എല്‍.എയ്ക്കു വേണ്ടി തെരുവിലിറങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ കേരളം കാണുന്നത്.

പൊലീസുമായി സംഘര്‍ഷമുണ്ടാക്കാനും വിന്‍സന്റിനു വേണ്ടി ശക്തമായി വാദിക്കാനും സോഷ്യല്‍ മീഡിയയിലും ചാനലുകളില്‍ പോലും ആളുകളുണ്ടായി.

ഭാഗ്യം . . എം.എല്‍.എക്കു വേണ്ടി പി.ആര്‍ ക്വട്ടേഷനാണ് നടക്കുന്നതെന്നും ഇത് അന്വേഷിക്കാന്‍ പൊലീസ് പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മാത്രം മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തിട്ടില്ല !

തീര്‍ന്നില്ല, ദിലീപിനെ സിനിമാ സംഘടനാ ഭാരവാഹിത്വത്തില്‍ നിന്നും പുറത്താക്കുന്നതിനായി സമ്മര്‍ദ്ദ ശക്തിയായി അരയും തലയും മുറുക്കി രംഗത്തിറങ്ങിയവര്‍ക്കൊന്നും എംഎല്‍എയുടെ രാജി ഇപ്പോള്‍ അത്ര വലിയ പ്രശ്‌നവുമല്ല.

ദിലീപിന്റെ അറസ്റ്റ് ആഴ്ചകളോളം ആഘോഷമാക്കിയവര്‍ എംഎല്‍എയുടെ കാര്യം വരുമ്പോള്‍ രണ്ടടി പിന്നോട്ട് വയ്ക്കുന്നു എന്നു മാത്രമല്ല, വീട്ടമ്മക്ക് മാനസിക രോഗമാണെന്ന സഹോദരിയുടെ അഭിപ്രായ പ്രകടനത്തിന് വലിയ പ്രാധാന്യം നല്‍കുകയും ചെയ്യുന്നുണ്ട്.

ദിലീപിന് ജയിലില്‍ നിന്ന് പള്‍സര്‍ സുനിക്കു വേണ്ടി ഭീഷണി കത്തെഴുതിയ വ്യക്തി തന്നെ ഇത് ഗൂഢാലോചനയാണെന്നും ദിലീപിന് ഒരു പങ്കുമില്ലന്നും പറഞ്ഞപ്പോള്‍ ഈ വാര്‍ത്ത മുക്കിയവരാണ് ഇപ്പോള്‍ വീട്ടമ്മയുടെ സഹോദരിയുടെ അഭിപ്രായം പ്രാധാന്യത്തോടെ കൊടുക്കുന്നത്.

മറ്റു ചില ചാനലുകളിലാവട്ടെ ആക്രമണത്തിന്റെ മൂര്‍ച്ച കുറച്ച് എം.എല്‍.എയ്ക്കു വേണ്ടി വാദിക്കാനെത്തിയവര്‍ക്ക് അവരുടെ ഭാഗം പറയാന്‍ എല്ലാ അവസരങ്ങളും ഒരുക്കുകയും ചെയ്യുന്നുണ്ട്.

ദിലീപിനെ അറസ്റ്റ് ചെയ്യാനും ജയിലിലടക്കാനും മുറവിളി കൂട്ടിയ യുഡിഎഫ് നേതാക്കള്‍ അടക്കമുള്ളവര്‍ക്ക് സ്ത്രീ പീഢനക്കേസിലെ പ്രതിയായ വിന്‍സന്റ് എം എല്‍ എ സ്ഥാനം രാജിവയ്ക്കാത്തതിനും ന്യായീകരണമുണ്ട്.

വിന്‍സന്റിനെതിരെ രാഷ്ട്രീയ ഗൂഢാലോചന നടന്നു എന്നാണ് കോണ്‍ഗ്രസ്സിന്റെ ആരോപണം.

അതുകൊണ്ട് തന്നെ അറസ്റ്റ് ചെയ്തതിനാല്‍ തല്‍ക്കാലം പാര്‍ട്ടി നേതൃപദവിയില്‍ നിന്ന് മാത്രം സസ്‌പെന്റ് ചെയ്യുന്നുവെന്നും പാര്‍ട്ടി അംഗമായും എം എല്‍ എയായും തുടരുമെന്നുമാണ് കെ പി സി സി പ്രസിഡന്റിന്റെ പ്രഖ്യാപനം.

നിയമപരമായ എല്ലാ സഹായങ്ങളും വിന്‍സന്റിന് പാര്‍ട്ടി നല്‍കുമെന്ന് പറഞ്ഞ് വിന്‍സന്റിനെ എം എല്‍ എയാക്കിയ ജനങ്ങളെ ‘വെല്ലുവിളിക്കാനും’ എം എം ഹസ്സന്‍ മറന്നില്ല.

ദിലീപിനെ സിനിമാ സംഘടനയില്‍ നിന്നും പുറത്താക്കണമെന്ന് ഏറ്റവും ശക്തമായി ആവശ്യപ്പെട്ട് ചാനലുകളില്‍ നിറഞ്ഞു നിന്നത് കോണ്‍ഗ്രസ്സ് നേതാവ് ബിന്ദുകൃഷ്ണയായിരുന്നു.

ചുരുങ്ങിയ പക്ഷം വിന്‍സന്റിനെ എം എല്‍ എ സ്ഥാനം രാജിവയ്പ്പിക്കാന്‍ കഴിഞ്ഞില്ലങ്കില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിപ്പിക്കാനെങ്കിലും കെ പി സി സി ആസ്ഥാനത്ത് നിരാഹാരമിരിക്കാന്‍ ബിന്ദുകൃഷ്ണ രംഗത്തിറങ്ങുമോ എന്ന ചോദ്യവും ഇപ്പേള്‍ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

പീഢിപ്പിക്കപ്പെട്ട വീട്ടമ്മയുടെ മാനസിക നില തകരാറിലാണെന്ന് പറഞ്ഞ് ഒരു വിഭാഗം പ്രചരണം അഴിച്ചു വിടുന്നതിനെതിരെയും കോണ്‍ഗ്രസ്സ് വനിതാ നേതാക്കള്‍ക്ക് മിണ്ടാട്ടമില്ല.

ആക്രമിക്കപ്പെട്ട നടിയുടെ പേര് അറിയാതെ പറഞ്ഞ് പോയതിന് പോലും താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരെ വളഞ്ഞിട്ട് ‘ആക്രമിച്ച’വരുടെ ഇരട്ടത്താപ്പാണിപ്പോള്‍ പുറത്തായിരിക്കുന്നത്.

ദിലീപിന്റെ അറസ്റ്റ് സ്വാഭാവികവും എം.എല്‍.എ യുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതവുമാണിപ്പോള്‍ കോണ്‍ഗ്രസ്സിന്.

Top