ബെർലിൻ(ജർമനി): ബെർലിനിലെ പൊതുനീന്തൽക്കുളങ്ങളിൽ സ്ത്രീകൾക്കും ടോപ്ലെസ് ആയി നീന്താൻ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. ടോപ്‌ലെസ് ആയി സൂര്യനമസ്‌കാരം ചെയ്‌തതിന് വനിതയെ നീന്തൽക്കുളത്തിൽ നിന്ന് പുറത്താക്കിയത് വിവാദമായിരുന്നു. തുടർന്നാണ് ചട്ടം മാറ്റി അധികൃതർ രംഗത്തെത്തിയത്.
പുരുഷൻമാരെപ്പോലെ സ്ത്രീകൾക്കും ടോപ്ലെസ് ആയി നീന്തൽക്കുളം അനുവദിക്കണമെന്നാവശ്യപ്പെട്ട് വനിത സെനറ്റിന്റെ ഓംബുഡ്‌സ്‌പേഴ്‌സന്റെ ഓഫീസിനെ സമീപിക്കുകയായിരുന്നു. സ്ത്രീകളെ വിലക്കുന്നത് വിവേചനത്തിന്റെ ഭാഗമാണെന്ന് ബെർലിൻ അധികൃതർ സമ്മതിക്കുകയും ബെർലിനിലെ നീന്തൽക്കുളത്തിൽ എല്ലാവർക്കും ടോപ്പ്ലെസ് ആയി പോകാൻ അർഹതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
തീരുമാനത്തെ വളരെയധികം സ്വാഗതം ചെയ്യുന്നു. തുല്യ അവകാശങ്ങൾ സ്ഥാപിക്കുന്നതാണ് തീരുമാനമെന്ന് ഓംബുഡ്‌സ്‌പേഴ്‌സന്റെ ഓഫീസ് മേധാവി ഡോറിസ് ലിബ്‌ഷർ പറഞ്ഞു അതേസമയം, നിയമങ്ങൾ എപ്പോൾ മുതൽ ബാധകമാകുമെന്ന് വ്യക്തമല്ല.
നീന്തൽക്കുളങ്ങളിൽ സ്ത്രീകൾക്ക് നഗ്നരായി ഇറങ്ങാമോ എന്നത് ജർമനിയിൽ നേരത്തെയും വിവാദമായിരുന്നു. എതിർത്തും അനുകൂലിച്ചും ആളുകൾ രംഗത്തെത്തി. കഴിഞ്ഞ വർഷം രാജ്യത്തെ ചില നഗരങ്ങൾ പൊതു കുളങ്ങളിൽ ടോപ്‌ലെസ് നീന്തൽ അനുവദിച്ചിരുന്നതായി റിപ്പോർട്ട് വന്നിരുന്നു. എന്നാൽ ഹാനോവർ നഗരം അധികൃതർ സ്വകാര്യ ഭാഗങ്ങൽ മറയ്ക്കണമെന്ന് നിർദേശിച്ചു.