എല്ലാ അതിര്‍വരമ്പുകളെയും തകര്‍ക്കാന്‍ സ്ത്രീകള്‍ക്കാകും ; വനിത പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന ചടങ്ങില്‍ ഷാരൂഖ് ഖാന്‍

ബംഗളൂരു: വനിത പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന ചടങ്ങില്‍ ആവേശമായി ഷാരൂഖ് ഖാന്‍. താരത്തിന്റെ ഹിറ്റ് ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ചുവടുവെച്ചും കാണികളോട് സംസാരിച്ചും ഷാരൂഖ് സ്റ്റേഡിയത്തിലെ കാണികളെ കയ്യിലെടുത്തു. ഷാരൂഖ് ഖാന്‍ ടീമിലെ അംഗങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറല്‍ ആണ്. നമ്മുടെ രാജ്യം കാലങ്ങളായി സ്ത്രീകളുടെ ശക്തിയെ ആശ്രയിച്ചുവരികയാണ്, അത് ഭാരതമാതാവോ, ഭൂമി മാതാവോ, വീട്ടിലുള്ള നമ്മുടെ അമ്മമാരോ ആയിരിക്കാം. വലിയ കമ്പനികള്‍ നടത്തുന്നത് മുതല്‍ വീട്ടുകാര്യങ്ങള്‍ നോക്കുകയും കുഞ്ഞുങ്ങളെ വളര്‍ത്തുകയും ചെയ്യുന്നത് സ്ത്രീകളാണ്. എല്ലാ അതിര്‍വരമ്പുകളെയും തകര്‍ക്കാന്‍ അവര്‍ക്കാകുമെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു.

പഠാന്‍ ചിത്രത്തിലെ മാസ്സ് ഡയലോഗുകള്‍ പറഞ്ഞാണ് താരം ഹിറ്റ് ഗാനങ്ങള്‍ക്ക് ചുവടു വെച്ചത്. ഷാരൂഖിനൊപ്പം പഠാനിലെയും ജവാനിലെയും പാട്ടുകള്‍ക്ക്, ടീമുകളിലെ ക്യാപ്റ്റന്‍മാരും ഡാന്‍സ് ചെയ്തു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമകളില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. ഷാരൂഖ് ഖാനെ കൂടാതെ ബോളിവുഡ് താരങ്ങളായ ടൈഗര്‍ ഷ്‌റോഫ്, ഷാഹിദ് കപൂര്‍, വരുണ്‍ ധവാന്‍, കാര്‍ത്തിക് ആര്യന്‍ തുടങ്ങിയവരും വനിതാ പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടനത്തിന് എത്തിയിരുന്നു.

Top