തിരുവനന്തപുരം: വനിതാ മജിസ്ട്രേറ്റിനെ വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകര്‍ പൂട്ടിയിട്ടതും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതും മോശമായിപ്പോയെന്ന് കേരള വനിതാ കമ്മീഷന്‍. കേരളത്തില്‍ സ്ത്രീകള്‍ക്ക് നേരെ അധിക്രമങ്ങള്‍ നടക്കുന്നു എന്നാല്‍ ജുഡീഷ്യറിയിലുള്ള സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുവെന്നത് ആശങ്കാജനകമെന്ന് കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു.
വഞ്ചിയൂരില്‍ നടന്ന സംഭവത്തില്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് നേരെ എവിടെ വെച്ചും ആര്‍ക്കും എന്തും ചെയ്യാമെന്ന് സ്ഥിരീകരിക്കുന്ന സംഭവമാണ് പുറത്ത് വന്നിരിക്കുന്നത്. ഒരു മജിസ്ട്രേറ്റ് പദവിയിലിരിക്കുന്ന സ്ത്രീയെ ഈ വിധത്തില്‍ കോടതിയ്ക്കകത്ത് പോലും ഒരുകൂട്ടം അഭിഭാഷകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് സ്ത്രീത്വത്തെ ഇകഴ്ത്തി കാണിക്കലാണ്. ജുഡീഷ്യറി ഇത്തരം വിഷയങ്ങളെ ഗൗരവമായി സമീപിക്കണമെന്നും അവര്‍ പറഞ്ഞു.
അതേസമയം, സംഭവത്തില്‍ ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ എഫ്ഐആര്‍ പുറത്തായി. മജിസ്ട്രേറ്റിനെ ഭീഷണിപ്പെടുത്തിയെന്നും തടഞ്ഞു വച്ച് വെല്ലുവിളിച്ചെന്നും എഫ്ഐആറില്‍ പറയുന്നു.
വാഹനാപകടക്കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതിനാണ് അഭിഭാഷകര്‍ മജിസ്ട്രേറ്റിനെതിരെ പ്രതിഷേധിച്ചത്. ജാമ്യം നിഷേധിച്ച ഉത്തരവ് പിന്‍വലിക്കുന്നോ ഇല്ലയോ എന്ന് ചോദിച്ചായിരുന്നു പ്രശ്നങ്ങളുടെ തുടക്കമെന്ന് എഫ്ഐആറിലുണ്ട്.