ന്യൂഡൽഹി: വനിതാ ക്രിക്കറ്റിൽ ചരിത്രം നേട്ടം കൈവരിച്ച് ഇന്ത്യൻ ഓപ്പണർമാർ. അയർലൻഡിനെതിരെ ഒന്നാം വിക്കറ്റിൽ 320 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയാണ് ഓപ്പണർമാരായ ദീപ്തി ശർമയും പൂനം റാവത്തും ചരിത്രത്തിൽ ഇടംപിടിച്ചത്.
ഇന്ത്യൻ സ്കോർ മൊത്തത്തിൽ 300 കടക്കുന്നതും ഇതാദ്യമാണ്. വെസ്റ്റ്ഇൻഡീസിനെതിരേ 2004-ൽ നേടിയ 298 റണ്‍സായിരുന്നു ഇതുവരെയുള്ള ഉയർന്ന ഇന്ത്യൻ സ്കോർ.
ദീപ്തി 160 പന്തിൽ നിന്ന് 27 ബൗണ്ടറികളും രണ്ടു സിക്സറും ഉൾപ്പെടെ 188 റണ്‍സ് നേടിയപ്പോൾ പൂനം 109 റണ്‍സുമായി മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് 45.3 ഓവറിൽ 320 റണ്‍സ് അടിച്ചുകൂട്ടി.
ഇരുവരുടെയും മികച്ച പ്രകടനത്തിന്റെ ബലത്തിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 358 റണ്‍സ് നേടാനും ഇന്ത്യക്കു കഴിഞ്ഞു. വനിതാ ക്രിക്കറ്റിൽ ഇതാദ്യമായാണ് ഓപ്പണിംഗ് വിക്കറ്റ് 300 കടക്കുന്നത്.
ദീപ്തി ശർമയുടെ 188 റണ്‍സ് ഒരു ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം കുറിക്കുന്ന ഉയർന്ന വ്യക്തിഗത സ്കോറാണ്. ജയ ശർമയുടെ 138 റണ്‍സായിരുന്നു ഇതുവരെയുള്ള ഉയർന്ന സ്കോർ.
കൂടാതെ, വനിതാ ക്രിക്കറ്റിലെ രണ്ടാമത്തെ ഉയർന്ന വ്യക്തിഗത സ്കോർ എന്ന നേട്ടവും ദീപ്തി സ്വന്തം പേരിൽ കുറിച്ചു. ബെലിൻഡ ക്ലാർക്കിന്റെ 229 റണ്‍സാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ ഉയർന്ന വ്യക്തിഗത സ്കോർ.