women dead body found in kottayam

ഏറ്റുമാനൂര്‍: കോട്ടയം അതിരമ്പുഴയില്‍ റബ്ബര്‍ തോട്ടത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം സമീപ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു. മൃതദേഹം കണ്ടെത്തി മൂന്ന് ദിവസം കഴിഞ്ഞിട്ടും മരിച്ചത് ആരാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തതാണ് പൊലീസിനെ കുഴയ്ക്കുന്നത്.

ജില്ലയില്‍ നിന്നും യുവതിയെ കാണാതായതായി ബന്ധപ്പെട്ട പരാതികളൊന്നും ലഭിക്കാത്തത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അന്വേഷണം സമീപ ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് പൊലീസ് തീരുമാനം.

അതിരമ്പുഴ ഐക്കരകുന്നേല്‍ ഒറ്റക്കപ്പിലുമാവ് റോഡിനോട് ചേര്‍ന്ന് പൈനേല്‍ ബാബുവിന്റെ തോട്ടത്തിലാണ് തിങ്കളാഴ്ച്ച ചാക്കില്‍ പൊതിഞ്ഞ മൃതദേഹം കണ്ടത്തെിയത്. 40 വയസ്സ് പ്രായം തോന്നിക്കുന്ന ഇവരുടെ ശരീരത്തില്‍ രണ്ട് സര്‍ജറി കഴിഞ്ഞ പാടുകള്‍ പരിശോധനയില്‍ കണ്ടെത്തി. അതുകൊണ്ട് തന്നെ സമീപത്തെ ആശുപത്രികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ഗാന്ധിനഗര്‍, മെഡിക്കല്‍ കോളജ് ഭാഗത്ത് ഇവരെ കണ്ടിട്ടുള്ളതായി നാട്ടുകാര്‍ നല്‍കിയ സൂചനയെ തുടര്‍ന്ന് കൈപ്പുഴ സ്വദേശിനിയാണോ കൊല്ലപ്പെട്ടതെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇവരാണോയെന്ന് തിരിച്ചറിയാന്‍ ബന്ധുകളെ കൊണ്ടുവരും. ഇവരുമായി ബന്ധമുണ്ടായിരുന്നവരാണ് കസ്റ്റഡിയില്‍ ഉള്ളതെന്നാണ് സൂചന.

Top