കൊച്ചി: പെരുമ്പാവൂരില്‍ ബാങ്കിന്റെ ചില്ലുവാതിലില്‍ ഇടിച്ചു വീണ വീട്ടമ്മ ഗ്ലാസ് ചീളുകള്‍ ദേഹത്തു തുളച്ചു കയറി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. എറണാകുളം റൂറല്‍ ജില്ല പൊലീസ് മേധാവിയും പെരുമ്പാവൂര്‍ നഗരസഭ സെക്രട്ടറിയും അന്വേഷണം നടത്തി മൂന്നാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
പെരുമ്പാവൂരിലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചില്‍ സ്ഥാപിച്ചിരുന്നത് ഗുണനിലവാരം കുറഞ്ഞ നേര്‍ത്ത ഗ്ലാസാണെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കേസെടുത്തത്.
അതേസമയം, അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ പൊലീസ് ബാങ്കിലെത്തി പരിശോധന നടത്തുകയും ചെയ്തു.
ബാങ്കിനുള്ളില്‍ ചെലാന്‍ പൂരിപ്പിച്ചു കൊണ്ടിരുന്ന ബീന ഇരുചക്ര വാഹനത്തില്‍ വച്ചു മറന്ന താക്കോല്‍ എടുക്കാന്‍ ധൃതിയില്‍ പുറത്തേക്കോടുകയായിരുന്നു. അടഞ്ഞു കിടന്ന വാതിലില്‍ ശക്തിയായി ഇടിച്ചതോടെ ചില്ല് തകര്‍ന്നു ദേഹത്തു തുളഞ്ഞു കയറിയാണ് കൂവപ്പാടി ചേലക്കാട്ടില്‍ ബൈജു പോളിന്റെ ഭാര്യ ബീന മരിച്ചത്.
പെരുമ്പാവൂര്‍ എ.എം റോഡിലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചില്‍ തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. 100 മീറ്റര്‍ അകലെയുള്ള പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.