നാസിക്: സ്വരാജ് മഹിളാ സംഘടനാ പ്രവര്‍ത്തകരെയും സംഘടനാ പ്രസിഡന്റ് വനിതാ ഗട്ടേയേയും ഏതാനം കുട്ടികളെയും ത്രിംബകേശ്വരാ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിന് പുരോഹിതന്മാരും, മുന്‍ മുന്‍സിപ്പല്‍ അദ്ധ്യക്ഷനും ഗ്രാമവാസികളും ചേര്‍ന്ന് മര്‍ദ്ദിച്ചു. ഐ.പി.സി സെക്ഷനുകള്‍ പ്രകാരം സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മഹാരാഷ്ട്ര ഹിന്ദു പൊതു ആരാധനാ കേന്ദ്ര (പ്രവേശന അധികാരം) നിയമം. സെക്ഷന്‍ 354 എന്നിവയും കേസില്‍ ഉള്‍പ്പെടുത്തുമെന്നും എ.എസ്.പി പ്രവീണ്‍ മുണ്ഡേ അറിയിച്ചു. സ്ത്രീകളെ മര്‍ദ്ദിച്ചവരെ തിരിച്ചറിയാനായി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. അവരുടെ പേരുവിവരങ്ങള്‍ പൊലീസിന്റെ പക്കലുണ്ട്. ഉടന്‍ തന്നെ അറസ്റ്റുനടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദര്‍ശന സമയത്ത് ഞങ്ങള്‍ ക്യൂവില്‍ നില്‍ക്കുകയായിരുന്നു. അപ്പോള്‍ ഞാന്‍ കോട്ടന്‍ സാരിയാണ് ഉടുത്തിരിക്കുന്നതെന്നും നനഞ്ഞ വസ്ത്രവുമായെ പ്രവേശിക്കാന്‍ പാടുള്ളു എന്നും പൂജാരി പറഞ്ഞു. അയാള്‍ പറഞ്ഞത് അനുസരിച്ച ശേഷം തിരിച്ചു വന്നപ്പോള്‍ സ്ത്രീകളടങ്ങിയ സംഘം വഴിതടഞ്ഞു. തുടര്‍ന്ന് ദര്‍ശനത്തിന് എത്തിയ ഞങ്ങളെ അവര്‍ തള്ളുകയും, ഇടിക്കുകയും, തറയില്‍ തള്ളിയിടുകയും, ചവിട്ടുകയും ചെയ്തു. എന്റെ മകന്റെ മുഖത്തും അവര്‍ ഇടിച്ചു. ഞങ്ങളെ ഉപദ്രവിച്ചവരില്‍ ത്രിംബക് മുന്‍സിപ്പല്‍ കൗണ്‍സില്‍ മുന്‍ അദ്ധ്യക്ഷന്‍ അംഗാ പഡ്‌കേ, പൂജാരിമാരായ ധനഞ്ജയ്, യോഗേഷ്, പ്രശാന്ത്, എന്നിവരും ഗ്രാമവാസികളും ഉള്‍പ്പെടും. വനിതാ ഗട്ടേ പറഞ്ഞു. പ്രതികള്‍ ചില രാസവസ്തുക്കള്‍ തങ്ങളുടെ നേരെ എറിയുകയും അത് ചൊറിച്ചിലുണ്ടാക്കിയെന്നും നാലു വ്യക്തികള്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത നൂറു പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ക്ഷേത്രഭാരവാഹികള്‍ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ലയെന്നും അവര്‍ പറഞ്ഞു.
ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് ഇത് മൂന്നാം തവണയാണ് വനിതാ ഗട്ടേയ്ക്ക് തടസം നേരിടുന്നത്. ചൊവ്വാഴ്ച ക്യൂവില്‍ നിരവധി പേരുണ്ടെന്ന് കാണിച്ച് പ്രവേശനം നിഷേധിച്ചു. ക്ഷേത്രത്തില്‍ പ്രവേശിക്കാതിരിക്കാന്‍ ഭരണസമിതി മനപൂര്‍വം ഓരോ കാരണങ്ങള്‍ ഉണ്ടാക്കുകയാണെന്ന് ഗട്ടേ ആരോപിക്കുന്നു. എന്നാല്‍ ദര്‍ശനം ഒരു മണിക്കൂര്‍ മാത്രമായതിനാലാണ് അങ്ങനെചെയ്തതെന്നാണ് ഭരണസമിതി അംഗം പറയുന്നത്. അതേസമയം അഭിമാനപൂര്‍വം സ്ത്രീകള്‍ ക്ഷേത്രത്തില്‍ പോകണം. ഞാനും ത്രിംബകേശ്വര ക്ഷേത്രത്തില്‍ ഏപ്രില്‍ 22ന് ദര്‍ശനത്തിനായി പോകുന്നുണ്ട്. ആരാണ് തടയുന്നത് എന്ന് നോക്കട്ടെയെന്ന് ഭൂമാതാ ബ്രിഗേഡ് പ്രസിഡന്റ് തൃപ്തി ദേശായി അറിയിച്ചു.