സ്ത്രീകള്‍ വീട്ടിലിരുന്ന് പ്രാര്‍ത്ഥിക്കുന്നതാണ് അനുയോജ്യം; കടുത്ത നിലപാടുമായി സമസ്ത

മലപ്പുറം: മുസ്ലീം പള്ളികളിലെ സ്ത്രീപ്രവേശനത്തിനെതിരെ കടുത്ത നിലപാടുമായി സമസ്ത. സ്ത്രീകളുടെ ആരാധനയ്ക്ക് വീടാണ് അനുയോജ്യമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ജനറല്‍ സെക്രട്ടറി പ്രഫ.കെ. ആലിക്കുട്ടി മുസല്യാര്‍ പ്രതികരിച്ചു. പള്ളികളിലെ സ്ത്രീപ്രവേശനം ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

വിശ്വാസത്തിന് അനുകൂലമായ വിധി സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആലിക്കുട്ടി മുസലിയാര്‍ പറഞ്ഞു.

ഈ വിഷയത്തില്‍ കോടതി ഇടപെടുന്നത് ശരിയല്ല. ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും സമാനമായ നിലപാടാണ് സമസ്തയ്ക്കുള്ളത്. ബ്രിട്ടീഷ് ഭരണകാലം മുതല്‍ക്കേ വ്യക്തിനിയമങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വിശ്വാസപരമായ കാര്യങ്ങള്‍ ആചരിക്കാന്‍ എല്ലാ മതവിശ്വാസികള്‍ക്കും അനുമതി വേണെമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സ്ത്രീപ്രവേശന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും മുസ്ലീം വ്യക്തിനിയമ ബോര്‍ഡിനും കേന്ദ്രസര്‍ക്കാരിനും കേന്ദ്ര വഖഫ് കൗണ്‍സിലിനും സുപ്രീംകോടതി നോട്ടീസയച്ചു. ശബരിമല യുവതീപ്രവേശനവിധിയുടെ അടിസ്ഥാനത്തിലാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്. സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളില്‍ തുല്യത അവകാശപ്പെടാന്‍ കഴിയുമോയെന്നും പരിശോധിക്കും.

മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ കയറിയാല്‍ ആരാണ് തടയുകയെന്നും സ്ത്രീകള്‍ കയറാന്‍ ശ്രമിച്ചിട്ടുണ്ടോയെന്നും ഹര്‍ജി പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി ചോദിച്ചിരുന്നു.

ക്ഷേത്രം, പള്ളികള്‍ തുടങ്ങിയ ആരാധനാലയങ്ങള്‍ക്കെതിരെ ഭരണഘടനയുടെ 14 ആം അനുച്ഛേദം ഉപയോഗിക്കാന്‍ കഴിയുമോ? മക്കയില്‍ എന്താണ് സാഹചര്യം? തുടങ്ങിയ ചോദ്യങ്ങളും ജസ്റ്റിസ് എസ്.എ. ബൊബ്‌ഡെ അധ്യക്ഷനായ ബെഞ്ചില്‍ നിന്നും ഉണ്ടായി. മക്കയില്‍ സ്ത്രീകള്‍ക്ക് പ്രവേശനവിലക്കില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ മറുപടി.

മഹാരാഷ്ട്ര സ്വദേശികളായ മുസ്ലിം കുടുംബമാണ് സ്ത്രീപ്രവേശന ആവശ്യവുമായി കോടതിയിലെത്തിയത്. ജമാ അത്തെ ഇസ്‌ലാമിയുടെയും മുജാഹിദിന്റെയും പളളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുമ്പോള്‍ സുന്നി പളളിയില്‍ പ്രവേശനം നിഷേധിക്കുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി. പ്രവേശനത്തിന് പൊലീസ് സഹായം ലഭിക്കുന്നില്ലെന്നും ഹര്‍ജിക്കാരി പരാതിപ്പെട്ടു.

ജസ്റ്റിസ് എസ് എ ബോബ്‌ടെ, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Top