തിരുവനന്തപുരം: ശബരിമലയ്ക്ക് പിന്നാലെ അഗസ്ത്യാര്‍ കൂട യാത്രയ്ക്ക് ഒരുങ്ങി സ്ത്രീകള്‍. വനംവകുപ്പിന്റെ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍ തുടങ്ങും. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കും മലകയറാമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നു.
14 വയസ്സിന് മുകളില്‍ പ്രായവും കായികകക്ഷമതയുമുള്ള ആര്‍ക്കുവേണമെങ്കിലും അപേക്ഷിക്കാം. എന്നാല്‍ സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനയൊന്നും ഉണ്ടാകില്ലെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്.
അഗസ്ത്യാര്‍കൂടത്തിന്റെ ബേസ്സ് ക്യാമ്പായ അതിരുമലവരെ സ്ത്രീ പ്രവേശനത്തിന് അനുമതി നല്‍കി കഴിഞ്ഞ വര്‍ഷം വനംവകുപ്പ് ഉത്തരവിറക്കിയിരുന്നു.
അതേസമയം മലയുടെ ഏറ്റവും മുകളില്‍വരെ അനുമതിവേണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടും യുവതികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഈ ആവശ്യം പരിഗണിച്ചായിരുന്നു സ്ത്രീകള്‍ക്കും മറ്റ് യാത്രക്കാരെ പോലെ മലകയറാന്‍ കോടതി അനുമതി നല്‍കിയത്.
ബോണക്കാടും ബേസ് ക്യാമ്പായ അതിരുമലയിലും സ്ത്രീകള്‍ എത്തുന്നതിനാല്‍ ഫോറസ്റ്റിന്റെ വനിതാ ഗാര്‍ഡുമാര്‍ ഉണ്ടാകുമെന്ന് തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഷാജികുമാര്‍ പറഞ്ഞു.ബേസ് ക്യാമ്പില്‍ സ്ത്രീകള്‍ക്ക് താമസസൗകര്യം ഒരുക്കുന്നുണ്ട്. സ്ത്രീ കളെത്തുന്നതിനെ എതിര്‍ക്കുന്ന കാണിവിഭാഗക്കാര്‍ വിജ്ഞാപനത്തോടുള്ള നിലപാട് വ്യക്തമാക്കിയിട്ടില്ല. ജനുവരി 14 മുതല്‍ മാര്‍ച്ച് ഒന്നുവരെയാണ് അഗസ്ത്യാര്‍ക്കൂട യാത്ര.