സ്ത്രീ-പുരുഷ സമത്വത്തിന് ലോകക്രിക്കറ്റില്‍ ആദ്യ ചുവടുവെയ്പ്‌ ; പുതിയ നടപടിയുമായി ഐസിസി

GENDER EQUALITY IN T20 WORLD CUP

ദുബായ്: സ്ത്രീ-പുരുഷ സമത്വം വേണമെന്ന ആവശ്യം ഉന്നയിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ ഏതാനും ചില മേഖലകളില്‍ മാത്രമെ ഇത് നടപ്പാകുന്നുള്ളു. ഇതിന് മാതൃകയായി എത്തിയിരിക്കുകയാണ് ക്രിക്കറ്റ് മേഖല.

ലോകക്രിക്കറ്റില്‍ ഇതിമുതല്‍ സ്ത്രീ-പുരുഷ സമത്വത്തിന്റെ കാലമാണ്. ഇതിലേയ്ക്കുള്ള ആദ്യ ചുവടുവെയ്പ്പായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചരിത്ര തീരുമാനമെടുത്തിരിക്കുകയാണ്. 2020ല്‍ ഓസ്‌ട്രേലിയ ആതിഥേയരാകുന്ന ടി-ട്വന്റി ലോകകപ്പില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും സമ്മാനത്തുക തുല്യമാക്കാനാണ് പുതിയ തീരുമാനം.

2020 ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് എട്ടു വരെയാണ് വനിതാ ടി-ട്വന്റി ലോകകപ്പ്. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് പുരുഷ ടിട്വന്റി ലോകകപ്പ്. വനിതാ സെമിഫൈനലിന് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട് വേദിയാകുമ്പോള്‍ പുരുഷ സെമിഫൈനലുകള്‍ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലും അഡ്‌ലെയ്ഡിലുമായാണ് നടക്കുക.

പുരുഷ ലോകകപ്പില്‍ 16 രാജ്യങ്ങളും വനിതാ ലോകകപ്പില്‍ 10 രാജ്യങ്ങളും മത്സരിക്കും. അഡ്‌ലെയ്ഡ്, ബ്രിസ്‌ബെയ്ന്‍, കാന്‍ബെറ, ഗീലോങ്, ഹൊബാര്‍ട്ട്, മെല്‍ബണ്‍, പെര്‍ത്ത്, സിഡ്‌നി എന്നിങ്ങനെ ഓസട്രേലിയയിലെ എട്ടു നഗരങ്ങളിലായി 13 വേദികളിലാണ് മത്സരങ്ങള്‍ നടക്കുക.

അന്താരാഷ്ട്ര വനിത ദിനമായ മാര്‍ച്ച് എട്ടിനു തന്നെയാണ് വനിതാ ടി-ട്വന്റി ലോകകപ്പിന്റെ ഫൈനല്‍ നടക്കുക എന്നതാണ് മത്സരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

Top