ആഗ്ര: വനിത ജേണലിസ്റ്റിനു നേരെ ലൈംഗീക അതിക്രമം. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ എംജി റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് മദ്യ ലഹരിയിലായിരുന്ന രണ്ടു പേര്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ജനുവരി 25ന് രാത്രിയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയാണ് മാധ്യമ പ്രവര്‍ത്തക അക്രമത്തിനിരയായത്.
പ്രതികളെ ഇരുവരേയും അറസ്റ്റു ചെയ്‌തെന്ന് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് അറിയിച്ചു. സംഭവം നടന്ന് നാലു ദിവസത്തിനു ശേഷമാണ് ഇവരെ അറസ്റ്റു ചെയ്തത്. പ്രതികളെ അറസ്റ്റു ചെയ്യാന്‍ കാരണം യുവതിയുടെ ഫെയ്‌സ് ബുക്ക് കുറിപ്പാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തെ കുറിച്ചുള്ള യുവതിയുടെ കുറിപ്പ് കണ്ടതിനെ തുടര്‍ന്ന് അവരെ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ തിരക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
തനിക്ക് നേരെ നടന്ന ആക്രമണത്തെ കുറിച്ച് യുവതി ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ശനിയാഴ്ച വൈകീട്ട് വീട്ടിലേക്ക് വരുമ്പോള്‍ മദ്യ ലഹരിയിലായിരുന്ന രണ്ടുപേര്‍ കുറേ ദൂരം പിന്തുടരുകയും തുടര്‍ന്ന് വണ്ടി തടഞ്ഞ് നിര്‍ത്തി മോശമായ രീതിയില്‍ പെരുമാറുകയും ചെയ്തിരുന്നെന്നാണ് യുവതിയുടെ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.
ഉപദ്രവിക്കുന്നതിനിടെ യുവതി അക്രമികളുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. എന്നാല്‍ യാതൊരു ഭാവഭേദവുമില്ലാതെ ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്ത് നിന്നുകൊടുക്കുകയാണ് ചെയ്തതെന്നും പൊലീസ് പറഞ്ഞു.
അതേസമയം, സംഭവ ദിവസം രാത്രി തന്നെ യുവതി വനിതാ ഹെല്‍പ്പ് ലൈനില്‍ പരാതി നല്‍കിയെങ്കിലും ഇത്ര ദിവസമായിട്ടും അതില്‍ നിന്നൊരു അന്വേഷണമോ, ഒരു ഫോണ്‍ വിളിപോലും വന്നിട്ടില്ലെന്ന് യുവതി പറഞ്ഞു. സ്ത്രീകളെ സഹായിക്കാനാണ് 1090 എന്ന ഹെല്‍പ്പ് ലൈന്‍ സംവിധാനം ഒരുക്കിയത്.
‘നമ്മുടെ വനിത ഹെല്‍പ്പ് ലൈനിനോട് നാണക്കേടു തോന്നുന്നു, എന്തിനാണ് അത്തരം ഒരു സഹായ സംവിധാനം, ആര്‍ക്കുവേണ്ടിയാണ് അവര്‍ നടത്തുന്നത്. സ്ത്രീകളെ സഹായിക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ അങ്ങനെയൊരു സംവിധാനം എന്തിനാണെന്നും’ യുവതി ചോദിക്കുന്നു.