‘ആറ് മാസമായി ഉപദ്രവിക്കുന്നു’; യൂത്ത് കോൺ​ഗ്രസ് ദേശീയ പ്രസിഡന്റിനെതിരെ വനിതാ നേതാവ്

ദില്ലി: യൂത്ത് കോൺ​ഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസിനെതിരെ പരാതിയുമായി വനിതാ നേതാവ് രം​ഗത്ത്. അസം യൂത്ത് കോൺ​ഗ്രസ് നേതാവ് അങ്കിത ദത്തയാണ് പരായിയുമായി രം​ഗത്തെത്തിയത്. ശ്രീനിവാസ് ബിവി തന്നെ അപമാനിക്കുകയും ലിം​ഗവിവേചനത്തോടെ പെരുമാറുകയും ചെയ്തെന്ന് അങ്കിത ദത്ത ആരോപിച്ചു. സംഘടനക്ക് ആവർത്തിച്ച് പരാതി നൽകിയിട്ടും അന്വേഷണ സമിതിയെപ്പോലും നിയോ​ഗിച്ചില്ലെന്നും അവർ ആരോപിച്ചു. കഴിഞ്ഞ ആറ് മാസമായി ശ്രീനിവാസും യൂത്ത് കോൺ​ഗ്രസ് സെക്രട്ടറി ഇൻചാർജ് വർധൻ യാദവും തുടർച്ചയായി ഉപദ്രവിക്കുന്നു. ഇത് സംബന്ധിച്ച് നേതൃത്വത്തിന് പരാതി നൽകിയെങ്കിലും ഇതുവരെ ഒരു ന‌‌ടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഇവർ ആരോപിച്ചു..

റായ്പൂർ പ്ലീനറി സെഷനിൽ വെച്ച് ശ്രീനിവാസ് തന്നോട് വോഡ്ക കുടിക്കുമോ എന്ന് ചോദിച്ചു. താൻ ഞെട്ടിപ്പോയെന്നും അവർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. നേരത്തെ, കോൺഗ്രസ് നേതാക്കളായ രാഹുലിനെയും പ്രിയങ്ക ഗാന്ധിയെയും ടാഗ് ചെയ്‌ത് അങ്കിത വിഷയം ഉന്നയിച്ചിരുന്നു. നിരവധി തവണ പ്രശ്നം അവതരിപ്പിച്ചിട്ടും നേതൃത്വം ചെവിക്കൊണ്ടില്ലെന്നും അങ്കിത വ്യക്തമാക്കി.

അതേസമയം, അങ്കിത ദത്തയുടെ ആരോപണങ്ങൾ തള്ളി ശ്രീനിവാസ് രം​ഗത്തെത്തി. അങ്കിതക്കെതിരെ വക്കീൽ നോട്ടീസ് അയച്ചു. അങ്കിതക്കെതിരായ കേസുകൾ അവസാനിപ്പിക്കാനായി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാനുള്ള തയ്യാറെടുപ്പിലാണ് അവരെന്നും തന്നെ അപകീർത്തിപ്പെടുത്താനാണ് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതവും തീർത്തും വ്യാജവുമാണെന്നും അങ്കിത മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും നോട്ടീസിൽ പറയുന്നു.

Top