ന്യൂഡല്‍ഹി: വനിത ശാക്തീകരണത്തിന് സ്ത്രീകള്‍ക്ക് ആദ്യം വേണ്ടത് സാമ്പത്തിക സ്ഥിരതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തിക സ്വാതന്ത്യം നേടിയ സ്ത്രീകള്‍ സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ ശക്തമായി നിലകൊള്ളും. അവര്‍ക്ക് ഒന്നും പഠിപ്പിച്ചു കൊടുക്കേണ്ട ആവശ്യമില്ല. അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദി ഒരുക്കുക എന്ന ഒരു കാര്യം മാത്രമാണ് ചെയ്യേണ്ടത്. അവര്‍ക്ക് ഈ സമൂഹത്തെ മാറ്റിമറിക്കാനുള്ള കഴിവുണ്ടെന്നും മോദി പറഞ്ഞു. രാജ്യത്തുടനീളമുള്ള വിവിധ സ്വയംസഹായ സംഘങ്ങളിലെ വനിതകളുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഗ്രാമ പ്രദേശങ്ങളിലുള്ള സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരണം. നമ്മുടെ രാജ്യത്തുള്ള സ്ത്രീകള്‍ക്ക് ധാരാളം കഴിവുകളുണ്ട്. ആ കഴിവുകളെ അവര്‍ മനസിലാക്കണം. സാമ്പത്തിക സ്വാതന്ത്ര്യം ഒരു സ്ത്രീയെ കൂടുതല്‍ കരുത്തുള്ളവളാക്കും. ഈ സ്വാതന്ത്യം സമൂഹത്തിലെ പല അനാചാരങ്ങള്‍ക്കും എതിരെ നില്‍ക്കാന്‍ അവരെ കരുത്തരാക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.