തിരുവനന്തപുരം: ശബരിമലയില്‍ ആചാരം ലംഘിച്ച് യുവതികള്‍ ദര്‍ശനം നടത്തിയെന്ന വാര്‍ത്ത ശരിയല്ലെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. ദര്‍ശനം നടത്തിയ രണ്ട് സ്ത്രീകള്‍ക്കും പ്രായം 50 കഴിഞ്ഞിട്ടുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. കൊച്ചി സ്വദേശികളായ സഹോദരിമാരുടെ മൊഴിയെടുത്ത ശേഷമാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇവരുടെ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും പരിശോധിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഈ മാസം 10നാണ് യുവതികള്‍ ദര്‍ശനം നടത്തിയതെന്നാണ് ഫോട്ടോ സഹിതം വാര്‍ത്തകള്‍ വന്നത്. ഇതേ തുടര്‍ന്ന് അന്വേഷണത്തിന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വം കമ്മീഷണറെ ചുമതലപ്പെടുത്തിയിരുന്നു. അതേസമയം ആചാരം ലംഘിച്ച് വ്യവസായിക്ക് വേണ്ടി പടിപൂജയും ഉദയാസ്തമന പൂജയും നടത്തിയെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ക്ഷേത്ര നട നേരത്തേ തുറന്നെന്നാണ് പരാതി. ഇതും അന്വേഷിക്കുന്നുണ്ട്.