‘വനിതാ ഓഫീസര്‍മാര്‍ പുരുഷന്‍മാരെ പോലെ കപ്പലോടിക്കും’; സുപ്രധാനമായ വിധി

പുരുഷ ഓഫീസര്‍മാരുടെ അതേ സാമര്‍ത്ഥ്യത്തോടെ വനിതാ ഓഫീസര്‍മാര്‍ക്ക് കപ്പലോടിക്കാന്‍ സാധിക്കുമെന്ന് സുപ്രീംകോടതി. ഇന്ത്യന്‍ നേവിയില്‍ വനിതാ ഓഫീസര്‍മാരുടെ പെര്‍മനന്റ് കമ്മീഷന് വഴിയൊരുക്കി കൊണ്ടാണ് സുപ്രീംകോടതി സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്. സ്ത്രീകളെയും, പുരുഷന്‍മാരെയും തുല്യരായി പരിഗണിക്കണമെന്നും പരമോന്നത കോടതി കൂട്ടിച്ചേര്‍ത്തു.

‘പുരുഷന്‍ ഓഫീസര്‍മാരുടേത് പോലെ കപ്പലോടിക്കാന്‍ അവര്‍ക്കും സാധിക്കും’, സുപ്രീംകോടതി വ്യക്തമാക്കി. 2008ന് മുന്‍പ് സൈന്യത്തില്‍ എത്തിയ വനിതാ ഓഫീസര്‍മാര്‍ക്ക് നേവിയില്‍ പെര്‍മനന്റ് കമ്മീഷന്‍ അനുവദിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ നയം റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ വിധി. നേവിയില്‍ വനിതാ ഓഫീസര്‍മാര്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ പെര്‍മനന്റ് കമ്മീഷന്‍ നടപ്പാക്കാനും സുപ്രീംകോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

യുദ്ധക്കപ്പലുകളില്‍ വനിതാ ഓഫീസര്‍മാര്‍ ജോലി ചെയ്യാമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. രാജ്യത്തിനായി സേവനം അനുഷ്ഠിക്കുന്ന വനിതാ ഓഫീസര്‍മാര്‍ക്ക് പെര്‍മനന്റ് കമ്മീഷന്‍ നിഷേധിക്കുന്നത് നീതി നടപ്പാക്കുന്നതില്‍ വരുന്ന ഗുരുതരമായ ലംഘനമാകുമെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് നേതൃത്വം നല്‍കിയ ബെഞ്ച് വ്യക്തമാക്കി.

വനിതാ ഓഫീസര്‍മാര്‍ക്ക് പെര്‍മനന്റ് കമ്മീഷന്‍ അനുവദിക്കുന്നതില്‍ ലിംഗ വിവേചനം നടത്താന്‍ പാടില്ലെന്നും കോടതി പറഞ്ഞു. വനിതകളെ പ്രവേശിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ച ശേഷം പെര്‍മനന്റ് കമ്മീഷനിലും തുല്യത പാലിക്കണം, കോടതി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 2ന് കൊച്ചി നേവല്‍ ബേസില്‍ ഓപ്പറേഷനല്‍ ഡ്യൂട്ടിയില്‍ ആദ്യത്തെ വനിതാ നേവല്‍ പൈലറ്റായി സബ് ലെഫ്റ്റനന്റ് ശിവാംഗി സേവനം ആരംഭിച്ചിരുന്നു. ഇന്ത്യന്‍ നേവിയുടെ ഡോര്‍ണിയര്‍ നിരീക്ഷണ വിമാനമാണ് ശിവാംഗി പറത്തുന്നത്.

Top