വനിതാ സിനിമാ പ്രവര്‍ത്തകരുടെ പ്രശ്‌നത്തില്‍ ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും

justicehema

ലയാള സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.

കമ്മീഷന്‍ രൂപീകരിച്ചിട്ട് ഒരു വര്‍ഷമാവാറായിട്ടും ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്ന് കാണിച്ച് വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ നേതൃത്വത്തില്‍ വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഏപ്രില്‍ പതിനൊന്നിന് മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് നിയോഗിക്കപ്പെട്ട കമ്മിറ്റി പഠനം നടത്തി തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ആറ് മാസത്തിനകം സമര്‍പ്പിക്കുമെന്ന് വകുപ്പ് മന്ത്രി കൂടിയായ എ.കെ.ബാലന്‍ അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം മെയിലാണ് സര്‍ക്കാര്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ കമ്മിറ്റി രൂപവത്കരിച്ചത്. ജസ്റ്റിസ് ഹേമ, കമ്മിറ്റി അംഗങ്ങളായ നടി ശാരദ, കെ.വത്സലകുമാരി എന്നിവര്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന കാര്യം മന്ത്രി അറിയിച്ചത്. കമ്മിറ്റിയുടെ പ്രവര്‍ത്തനം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി ഓഫീസില്‍ സന്ദര്‍ശിച്ചു. ജസ്റ്റിസ് ഹേമയ്ക്ക് പുറമെ കമ്മിറ്റി അംഗങ്ങളായ നടി ശാരദ, വത്സലകുമാരി (റിട്ട. ഐഎഎസ്) എന്നിവരും ഉണ്ടായിരുന്നു. രൂപീകരിച്ചതിന് ശേഷം നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി കമ്മിറ്റി പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ മുന്നോടിയായാരുന്നു സന്ദര്‍ശനം. എറണാകുളത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കാനാണ് കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട സമഗ്ര അന്വേഷണം നടത്തി ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞു. സര്‍ക്കാരില്‍ നിന്നും എല്ലാ സഹായവും ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് ഉണ്ടാകുമെന്ന് അറിയിച്ചു.

സിനിമാ മേഖലയിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനുള്ള ഈ സംരംഭം ഒരു പക്ഷെ ഇന്ത്യയിലെന്നല്ല ലോകത്ത് തന്നെ ആദ്യമായിരിക്കുമെന്ന് ജസ്റ്റിസ് ഹേമ അഭിപ്രായപ്പെട്ടു. കേരളം പല കാര്യങ്ങളിലും രാജ്യത്തിന് മാതൃകയാണ്. പുരോഗമന ആശയങ്ങള്‍ അടിസ്ഥാനമാക്കിയ പരിഷ്‌കാരങ്ങള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ ഈ സര്‍ക്കാരും പ്രതിജ്ഞാബദ്ധമാണ്. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കുന്ന കമ്മീഷനെ നിയോഗിക്കുകയും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നത് സിനിമാ രംഗം അത്യധികം പ്രാധാന്യത്തോടെ നോക്കിക്കാണുന്നുണ്ട്.

ഈ അവസരം സിനിമാ രംഗത്തെ എല്ലാവിഭാഗം പ്രവര്‍ത്തകരും സംഘടനയും പ്രയോജനപ്പെടുത്തുമെന്നും കമ്മിറ്റിയുടെ പഠനത്തിന് ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുമെന്നും പ്രത്യാശിക്കുന്നു.

-എ.കെ. ബാലന്‍

Top