women protection Legislative Assembly opposition party

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവെച്ചു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു.

നടിക്കെതിരെ നടന്ന ആക്രമണത്തില്‍ ചര്‍ച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയനോട്ടീസ് നല്‍കിയിരുന്നു. സര്‍ക്കാര്‍ നിലപാട് കേസ് അട്ടിമറിക്കാന്‍ ഇടയാക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചു.

എന്നാല്‍ നടിയെ ആക്രമിച്ചകേസില്‍ പൊലീസ് കൃത്യമായി ഇടപെട്ടുവെന്നും ഗൂഢാലോചന ഉള്‍പ്പെടെ പരിശോധിക്കുമെന്നും ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ സ്പീക്കറുടെ ഡയസിനുമുന്നില്‍ കൂടിനിന്ന് പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്നും സ്ത്രീകള്‍ക്ക് സുരക്ഷയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

എന്നാല്‍ പ്രതിപക്ഷ നിലപാട് അംഗീകരിക്കാനാകില്ലെന്നും ശൂന്യവേളയില്‍ ഇക്കാര്യം ഉന്നയിക്കാമെന്നും സ്പീക്കര്‍ നിലപാടെടുത്തതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അതേസമയം പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചത് ആര്‍ എസ് എസിനെ സഹായിക്കാനാണെന്ന് ഭരണപക്ഷം ആരോപിച്ചു.

മാര്‍ച്ച് 16 വരെയാണ് സമ്മേളനത്തിന്റെ ഈ നിയമസഭാ സെഷന്‍ നീണ്ടുനില്‍ക്കുന്നത്. ബുധനാഴ്ച വരെ നന്ദിപ്രമേയ ചര്‍ച്ച നടക്കും. മാര്‍ച്ച് മൂന്നിനാണ് ധനകാര്യമന്ത്രി തോമസ് ഐസക് ഇടത് സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരിപ്പിക്കുന്നത്. മാര്‍ച്ച് ആറ് മുതല്‍ എട്ട് വരെ ബജറ്റിന്‍മേലുള്ള പൊതുചര്‍ച്ചയും നടക്കും.

Top