ഡല്‍ഹി: നിയമ സഭകളിലും നിയമനിര്‍മ്മാണ സഭകളിലും സ്ത്രീ പങ്കാളിത്തം കുറയുന്നുവെന്ന് സാമ്പത്തിക സര്‍വ്വെ റിപ്പോര്‍ട്ട് . 2016-2017 ലെ സാമ്പത്തിക റിപ്പോര്‍ട്ട് പ്രകാരമാണിത്. അതേ സമയം പഞ്ചായത്ത് മേഖലകളില്‍ സ്ത്രീ സാന്നിധ്യത്തില്‍ നേരിയ മാറ്റമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസിന്റെ ഭരണ സമയത്ത് പാര്‍ലമെന്റില്‍ വിജയിച്ച വനിത ബില്ല് ഇപ്പോഴും ഒരു തീരുമാനമാകാതെ കിടക്കുകയാണ്.
എന്‍ഡിഎ സര്‍ക്കാര്‍ രണ്ടാമത്തെ ബജറ്റ് അവലോകനം കഴിഞ്ഞു, ശീതകാല സമ്മേളനത്തിലും വനിത ബില്ലിനെ കുറിച്ച് യാതൊരു തീരുമാനവും ഇതുവരെ സ്വീകരിച്ചിട്ടില്ല. വനിത ബില്ല് നടപ്പാക്കിയാല്‍ വനിതകളുടെ പാര്‍ലമെന്റിലെ സാന്നിധ്യവും കൂടും. അവരുടെ അഭിപ്രായങ്ങള്‍ കൂടി പല കാര്യങ്ങളിലും ഉള്‍പ്പെടുത്താന്‍ സാധിക്കും. കൂടാതെ സ്ത്രീകളുടെ ഉന്നമനം സംബന്ധിച്ചുള്ള കാര്യങ്ങളില്‍ വ്യക്തമായ നടപടികള്‍ കൈക്കൊള്ളുന്നതിലും തീരുമാനമുണ്ടാകും.
വനിത ബില്ല് പാസ്സാക്കുന്നതോടെ ജനാധിപത്യം അനുശാസിക്കുന്ന ലിംഗ സമത്വം സ്ത്രീകള്‍ക്കും ലഭിക്കും. നിയമ നിര്‍മ്മാണ മേഖലയിലും, നിയമസഭകളിലും, പഞ്ചായത്തുകളിലും സ്ത്രീ സാന്നിധ്യം ഉറപ്പാക്കാന്‍ കഴിയും. ഇതൊടെ സ്ത്രീകള്‍ അനുഭവിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്നാണ് പൊതുവെ വിലയിരുത്തല്‍.
കഴിഞ്ഞ ഇരുപതു വര്‍ഷമായി നടന്ന എല്ലാ ചര്‍ച്ചകളിലും ലോകസഭയിലും, നിയമ നിര്‍മ്മാണ സഭകളിലും, സ്ത്രീകള്‍ക്ക് 33 ശതമാനം റിസര്‍വേഷന്‍ അനുവദിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
ജനീവ ആസ്ഥാനമായ ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്റെ റാങ്കിങ്ങില്‍ ആഗോളതലത്തില്‍ ഇന്ത്യ ഏറ്റവും താഴെയാണ് നില്‍ക്കുന്നത്. അതായത് 193 അംഗ രാജ്യങ്ങളില്‍ 148ാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ലോകസഭയില്‍ തിരഞ്ഞെടുക്കപ്പെട്ട വനിത പ്രതിനിധികളുടെ അനുപാതത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റാങ്കിങ്ങ് കണക്കാക്കുന്നത്. നമ്മുടെ അയല്‍ രാജ്യമായ പാക്കിസ്ഥാന്‍ വനിതകള്‍ക്ക് സംവരണം ചെയ്തിരിക്കുന്നത് 20.7 ശതമാനം സീറ്റുകളാണ്. ബംഗ്ലാദേശ് 20.3 ശതമാനം, നേപ്പാള്‍ 29.9 ശതമാനം. ഇന്ത്യയേക്കാള്‍ എത്രയോ മുന്നിലാണ് ഈ രാജ്യങ്ങളുടെ റാങ്കിങ്ങ് നില. വനിത ബില്‍ പാസാക്കുന്നത് സംബന്ധിച്ച് ഐക്യരാഷ്ട്ര സംഘടനയും ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.
നിലവില്‍ സ്ത്രീകള്‍ ത്രിതല പഞ്ചായത്ത് മത്സരങ്ങളില്‍ തിരഞ്ഞെടുക്കുന്നത് വനിതാ സംവംരണം വഴിയാണ്. അതാണെങ്കിലോ, പുരുഷന്മാരുടെ നിര്‍ദ്ദേശമനുസരിച്ച് ഭരിക്കുന്ന ഒരു പാവ മാത്രമായി അവര്‍ മാറുന്നു. പുരുഷന്മാര്‍ വനിത ബില്ലിനെ നിരുപാധികം എതിര്‍ക്കുകയാണ്. കാരണം യോഗ്യതയുള്ള പുരുഷന്മാര്‍ക്ക് അവസരം നഷ്ടപ്പെടുമെന്ന് അവര്‍ അഭിപ്രായപ്പെടുന്നു.
അതേസമയം, വനിതാ സംവരണത്തിന് ബദല്‍ മാര്‍ഗ്ഗം എന്നൊരു ആശയവും മുന്നോട്ട് വരുന്നുണ്ട്. കാനഡ, ബ്രിട്ടന്‍, ഫ്രാന്‍സ്. സ്വീഡന്‍, നോര്‍വെ തുടങ്ങിയ രാജ്യങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ സ്ത്രീകള്‍ക്കായി സീറ്റുകള്‍ മാറ്റിവെക്കുകയാണ്. അവിടുത്തെ പാര്‍ലമെന്റില്‍ സ്ത്രീ സംവരണമില്ല. ചിലയിടങ്ങളില്‍ സ്ത്രീ സംവരണം എന്നതിനു പകരം ഇരട്ട അംഗങ്ങളെയാണ് നാമനിര്‍ദ്ദേശം നടത്തുന്നത്. ഒരു മണ്ഡലത്തില്‍ ഒരു പാര്‍ട്ടിയുടെ രണ്ടു പേരെയാണ് മത്സരിപ്പിക്കുന്നത്. ഇതില്‍ ജനങ്ങള്‍ തിരഞ്ഞെടുക്കുന്നവരാണ് സഭയിലേക്ക് പോകുന്നത്. ഈ നടപടി ലോക വ്യാപകമാക്കാനുള്ള നീക്കവും ആലോചിക്കുന്നുണ്ട്.
രാജസ്ഥാനിലും, ബംഗ്ലാദേശിലും നടത്തിയ സര്‍വെ പ്രകാരം സ്ത്രീകളുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നീണ്ട ജനറേഷന്‍ ഗ്യാപ്പ് വരുന്നുവെന്നാണ് പറയുന്നത്. മമത ബാനര്‍ജി, വസുന്ധര രാജസിന്ദെ എന്നിവര്‍ക്കു ശേഷം ഈ രണ്ടു സംസ്ഥാനങ്ങളില്‍ നിന്നു പോലും ആരും ഉയര്‍ന്നു വന്നിട്ടില്ലായെന്നത് തന്നെ അത്ഭുതമാണ്. പല പെണ്‍കുട്ടികള്‍ക്കും രാഷ്ട്രീയ കാഴ്ചപ്പാടുണ്ടെങ്കിലും മുന്നോട്ട് ഉയര്‍ന്നു വരാനുള്ള സാഹചര്യം ലഭ്യമല്ല.
അടുത്തിടെ ഗുജറാത്തിലും, ഹിമാചല്‍ പ്രദേശിലുമായി നടന്ന തിരഞ്ഞെടുപ്പുകളിലും സ്ത്രീകളുടെ അസാന്നിധ്യം വളരെ വ്യക്തമാണ്. വനിത ബില്‍ യാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍ ഇരു സംസ്ഥാനങ്ങളിലെ നിയമസഭകളിലും 22 പേര്‍ വീതം വനിതാ പ്രതിനിധികള്‍ എത്തുമായിരുന്നു. ബില്‍ പ്രബല്യത്തില്‍ വന്നിരുന്നെങ്കില്‍ ലോകസഭയില്‍ 180 ഉം, എല്ലാ നിയമ നിര്‍മ്മാണ സഭകളിലും കൂടി 15,100 വനിതാ പ്രതിനിധികള്‍ നമുക്കുണ്ടാകുമായിരുന്നു.