മെൽബൺ : വനിതാ ഫുട്‌ബോളിലെ പുതിയ ചാമ്പ്യനെ കണ്ടെത്താനുള്ള പോരാട്ടത്തിന് നാളെ മെൽബണിൽ തുടക്കം. അമേരിക്കയാണ് വനിതാ ഫുട്‌ബോളിലെ നിലവിലെ ജേതാക്കൾ. ഓസ്‌ട്രേലിയയും ന്യൂസിലൻഡുമാണ് ആതിഥേയർ. ആദ്യകളിയിൽ നാളെ ഇന്ത്യൻ സമയം പകൽ 12.30ന് ന്യൂസിലൻഡും നോർവെയും തമ്മിൽ ഏറ്റുമുട്ടും. പകൽ 3.30ന് ഓസ്‌ട്രേലിയ റിപ്പബ്ലിക് ഓഫ് അയർലൻഡിനെയും നേരിടും. നാലുതവണ ജേതാക്കളായ അമേരിക്കയാണ് സാധ്യതയിൽ മുന്നിൽ.
സൂപ്പർതാരങ്ങളുടെ മുഖാമുഖംകൂടിയാണ് ഈ ലോകകപ്പ്. അമേരിക്കയുടെ മേഗൻ റാപിനോ, അലെക്‌സ് മോർഗൻ, ബ്രസീൽ ഇതിഹാസം മാർത്ത, സ്‌പാനിഷ് സൂപ്പർതാരം അലെക്‌സിയ പുറ്റെല്ലസ്, ഓസ്‌ട്രേലിയയുടെ സാം കെർ, ഡെൻമാർക്കിന്റെ പെർണില്ലെ ഹാർഡെർ, നൈജീരിയൻതാരം അസിസാത് ഒഷോയല, ഇംഗ്ലണ്ടിന്റെ ലൂസി ബ്രോൺസ്, കെയ്‌റ വാൽഷ്, നോർവെയുടെ ആദ ഹെഗെർബെർഗ് തുടങ്ങിയവരെല്ലാം ഈ ലോകകപ്പിനെത്തുന്ന സൂപ്പർതാരങ്ങളാണ്. ഇതിൽ റാപിനോയ്‌ക്കും മാർത്തയ്‌ക്കും ഇത് അവസാന ലോകകപ്പാണ്.
മേഗൻ റാപിനോ (അമേരിക്ക)
മൂന്ന് കിരീടവുമായി കളി അവസാനിപ്പിക്കാനാണ് റാപിനോയുടെ ലക്ഷ്യം. അമേരിക്കയ്‌ക്കൊപ്പം 2015ലും 2019ലും കിരീടം ചൂടിയിട്ടുണ്ട് മുപ്പത്തെട്ടുകാരി. കളത്തിന് പുറത്ത് നിലപാടുകൾകൊണ്ട് ശ്രദ്ധേയായ റാപിനോയുടെ അവസാന ലോകകപ്പാണിത്. 17 വർഷം നീണ്ട കളിജീവിതം ഈ സീസണോടെ അവസാനിപ്പിക്കുകയാണ്. അമേരിക്കയ്‌ക്കായി 157 മത്സരങ്ങളിൽ ഇറങ്ങി. 2019ലെ ഫൈനലിൽ നെതർലൻഡ്‌സിനെതിരെ ഗോളടിച്ചു. 22ന് വിയറ്റ്‌നാമുമായാണ് അമേരിക്കയുടെ ആദ്യകളി.
അലെക്‌സ് മോർഗൻ (അമേരിക്ക)
അമേരിക്കയുടെ മറ്റൊരു വിഖ്യാത താരം. നാലാമത്തെ ലോകകപ്പാണ് മോർഗന്. 18 കളിയിൽ ഒമ്പത് ഗോളടിച്ചു. തുടർച്ചയായ രണ്ടാംകിരീടനേട്ടത്തിലേക്ക് നയിക്കാനാണ് മുപ്പത്തിനാലുകാരി എത്തുന്നത്. അമേരിക്കയ്‌ക്കായി 207 കളിയിൽ 101 ഗോളടിച്ചു. അമേരിക്കൻ വനിതാ സോക്കർ ലീഗ് ക്ലബ് സാൻ ദ്യേഗോ വേവ് താരമാണ്.
മാർത്ത (ബ്രസീൽ)
ലോകത്തിലെ ഏറ്റവും മികച്ച വനിതാ ഫുട്‌ബോൾ താരങ്ങളിലൊരാളാണ് മാർത്ത. കളിച്ച അഞ്ച് ലോകകപ്പിലും ഗോളടിച്ചു. ആറാംലോകകപ്പിനെത്തുന്ന മുപ്പത്തേഴുകാരിക്ക് ഇതുവരെ കിരീടത്തിൽ മുത്തമിടാൻ കഴിഞ്ഞിട്ടില്ല. ലോകകപ്പിൽ ഇതുവരെ 17 ഗോളടിച്ചു. 24ന് പാനമയുമായാണ് ബ്രസീലിന്റെ ആദ്യകളി.
അലെക്‌സിയ പുറ്റെല്ലാസ് (സ്‌പെയ്‌ൻ)
നിലവിൽ വനിതാ ഫുട്‌ബോളിലെ ഏറ്റവും മികച്ച താരം. ബാലൻ ഡി ഓർ ജേതാവ്. സ്‌പെയ്‌നിന്റെ കിരീടപ്രതീക്ഷ മുഴുവൻ ഇരുപത്തൊമ്പതുകാരിയിലാണ്. പക്ഷേ, പരിക്കുകാരണം കളിക്കുന്ന കാര്യത്തിൽ ഉറപ്പായിട്ടില്ല. കഴിഞ്ഞദിവസം പരിശീലനത്തിനിടെ തിരിച്ചുകയറുകയായിരുന്നു ബാഴ്‌സലോണയുടെ സൂപ്പർതാരം.
സാം കെർ (ഓസ്‌ട്രേലിയ)
ആതിഥേയ ടീമിന്റെ പ്രതീക്ഷയാണ് സാം കെർ. പതിനഞ്ചാംവയസ്സിലായിരുന്നു ഓസ്‌ട്രേലിയക്കായുള്ള അരങ്ങേറ്റം. 120 മത്സരം കളിച്ചു ഇരുപത്തൊമ്പതുകാരി. ആകെ 63 ഗോളുണ്ട്. കഴിഞ്ഞ ലോകകപ്പിൽ അഞ്ച് ഗോളടിച്ചു. ഇംഗ്ലീഷ് ക്ലബ് ചെൽസിക്കായി ഈ സീസണിൽ 38 കളിയിൽ 29 ഗോളടിച്ചു.