മെല്‍ബണ്‍: വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനല്‍ മത്സരം കണ്ട കാണികളിലൊരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. മെല്‍ബണ്‍ സ്റ്റേഡിയത്തില്‍ മാര്‍ച്ച് എട്ടിന് ഇന്ത്യ – ഓസ്‌ട്രേലിയ മത്സരം കാണാന്‍ എത്തിയ കാണികളില്‍ ഒരാള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
കൊറോണ സ്ഥിരീകരിച്ച കാര്യം പുറത്തുവിട്ടത് മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയം മാനേജ്മെന്റ് പുറത്തുവിട്ട പ്രസ്താവനയിലാണ്.
എന്നാല്‍ പരിശോധനയില്‍ മറ്റുള്ളവര്‍ക്ക് പകരാനുള്ള സാധ്യത കുറവാണെന്നും പേടിക്കേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ-മനുഷ്യ സേവന വകുപ്പ് (ഡി.എച്ച്.എച്ച്.എസ്) അറിയിച്ചു.
കൊറോണ സ്ഥിരീകരിച്ചയാള്‍ മത്സരം കണ്ടത് സ്റ്റേഡിയത്തിലെ നോര്‍ത്ത് സ്റ്റാന്‍ഡിലെ എന്‍42 സെക്ഷനില്‍ ഇരുന്നാണ്. ഇതേ സെക്ഷനില്‍ ഇരുന്ന് മത്സരം കണ്ട മറ്റുള്ളവര്‍ ശുചിത്വ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും പനിയുടെ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നും ഡി.എച്ച്.എച്ച്.എസ് അറിയിച്ചിട്ടുണ്ട്.