ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനിക ചരിത്രത്തില്‍ ആദ്യമായി നിയന്ത്രണ രേഖയില്‍ സുരക്ഷാ ചുമതലകള്‍ക്കായി വനിതാ സൈനികരും. അസം റൈഫിള്‍സില്‍ നിന്നുളള വനിതാ സൈനികരാണ് ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നത്. മുപ്പതോളം വനിതാ സൈനികര്‍ക്കാണ് നിയന്ത്രണ രേഖയ്ക്ക് സമീപത്ത് ഡെപ്യൂട്ടേഷനില്‍ സേവനം അനുഷ്ഠിക്കാനുളള അവസരം ലഭിച്ചിരിക്കുന്നത്.
അര്‍ധ സൈനിക വിഭാഗമാണ് അസം റൈഫിള്‍സ്. അസം റൈഫിള്‍സിന്റെ വനിതാ വിഭാഗമായ റൈഫിള്‍ വുമണിലെ അംഗങ്ങളാണ് അതിര്‍ത്തിയില്‍ സുരക്ഷാ ചുമതലയിലുളളത്. ക്യാപ്റ്റന്‍ ഗുര്‍സിമ്രാന്‍ കൗറിനാണ് നേതൃത്വം. വടക്കന്‍ കശ്മീരിലെ തംഗ്ദര്‍ സെക്ടറില്‍ പാകിസ്താന്‍ അതിര്‍ത്തിയിലാണ് വനിതാ സൈനികരെ വിന്യസിച്ചിരിക്കുന്നത്.
10,000 അടി ഉയരത്തിലാണ് വനിതാ സൈനികരെ നിയോഗിച്ചിരിക്കുന്ന ചെക്ക് പോസ്റ്റുകള്‍. ഈ ചെക്പോസ്റ്റുകള്‍ വഴി വ്യാപകമായി ആയുധങ്ങളും മയക്കുമരുന്നുകളും ഉള്‍പ്പെടെ കടത്തപ്പെടുത്തുന്നുണ്ട്. ഇത് വഴി കടന്ന് പോകുന്ന വനിതാ യാത്രക്കാരുടെ ദേഹപരിശോധനയും ആള്‍ക്കൂട്ട നിയന്ത്രണവും വനിതാ സൈനികരുടെ ചുമതലയില്‍പ്പെടും.
50 വനിതാ പട്ടാളക്കാരുടെ ആദ്യത്തെ ബാച്ച് നിലവില്‍ പരിശീലനത്തിലാണ്. മിലിട്ടറി പൊലീസിലേക്ക് 800 വനിതകളെ ഉള്‍പ്പെടുത്താനാണ് സൈന്യം ആലോചിക്കുന്നത്. ഓരോ വര്‍ഷവും 50ലധികം പേര്‍ക്ക് അവസരം നല്‍കും. മിലിട്ടറി പൊലീസിലെ വനിതാ സൈനികര്‍ സജ്ജമാകുന്നത് വരെയാണ് അസം റൈഫിള്‍സിലെ വനിതാ സൈനികരെ ചുമതലകളിലേക്ക് നിയോഗിക്കുന്നത്.