വനിത മതില്‍ ഗിന്നസ് റെക്കോര്‍ഡിലേക്ക് ! നിരീക്ഷകര്‍ എത്തുന്നു. .

തിരുവനന്തപുരം : കേരളത്തിലെ സാമൂഹ്യപരിഷ്‌കരണം, നവോത്ഥാനം, സ്ത്രീപുരുഷ സമത്വം എന്നിവ ഉയര്‍ത്തിപ്പിടിച്ച് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ ഗിന്നസ് റെക്കോഡിന് പരിഗണിക്കുന്നു. ജനുവരി ഒന്നിന് വൈകീട്ട് നാലു മണിയ്ക്കാണ് വനിതാ മതില്‍ സംഘടിപ്പിയ്ക്കുന്നത്. ഗിന്നസ് റോക്കോര്‍ഡിന് പരിഗണിക്കുന്നതിന്റെ ഭാഗമായി വനിതാ മതില്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനായി യുആര്‍എഫ് (യൂണിവേഴ്‌സല്‍ റെക്കോഡ് ഫോറം) നിരീക്ഷകരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

620 കിലോമീറ്റര്‍ നീളത്തില്‍ തീര്‍ക്കുന്ന വനിതാ മതിലിനെ ഓരോ അര കിലോമീറ്ററും ക്യാമറയില്‍ പകര്‍ത്താന്‍ യുആര്‍എഫിന്റെ കോ ഓഡിനേറ്റര്‍മാരും ക്യാമറാമാന്‍മാരും ഉണ്ടായിരിക്കുന്നതാണ്. ഉച്ചയ്ക്കുശേഷം മൂന്നര മണി മുതല്‍ യുആര്‍എഫിന്റെ ക്യാമറാമാന്‍മാര്‍ വീഡിയോ റെക്കോഡിങ് ആരംഭിയ്ക്കും.

കാസര്‍ഗോഡ് താലൂക്ക് പരിസരത്തുനിന്നും ആരംഭിക്കുന്ന മതില്‍ തിരുവനന്തപുരം വെള്ളയമ്പലം വരെയാണ്. മതില്‍ കടന്നു പോകാത്ത വയനാട് ജില്ലയിലുള്ള സ്ത്രീകള്‍ കോഴിക്കോട് വന്ന് ദേശീയ പാതയില്‍ മതിലില്‍ പങ്കാളികളാവുകയാണ് ചെയ്യുക. ഇടുക്കി ജില്ലയിലുള്ളവര്‍ ആലുവയില്‍ വന്ന് മതിലില്‍ പങ്കാളികളാവും. കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ ആലപ്പുഴ ജില്ലയിലെ ദേശീയപാതയില്‍ മതിലിന്റെ ഭാഗമാവും.

സി.പി.എമ്മുമായി ബന്ധമുള്ള 30 ലക്ഷം വനിതകള്‍ മതിലില്‍ പങ്കെടുക്കുമെന്നും മതില്‍ ഗിന്നസ് ബുക്കില്‍ ഇടംപിടിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Top