ക്വാലാലംപൂര്‍: ഉത്തര കൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്നിന്റെ അർധ സഹോദരൻ കിം ജോങ് നാം (45) മലേഷ്യയിൽ വധിക്കപ്പെട്ട സംഭവത്തിൽ പങ്കില്ലെന്ന് പ്രതികളായ വനിതകൾ.
മലേഷ്യൻ കോടതിയിൽ നടന്ന വിചാരണയിലാണ് കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് വനിതകൾ വാദിച്ചത്.
കിം ജോങ് നാമിനെ ക്വാലലംപൂർ വിമാനത്താവളത്തിൽ യുവതികൾ വിഷം കുത്തിവച്ച് കൊലപ്പെടുത്തി എന്നതാണ് കേസ്.
ഫെബ്രുവരി ആദ്യവാരമായിരുന്നു സംഭവം. എന്നാൽ കുറ്റക്കാരല്ലെന്നു ഇന്തൊനീഷ്യൻ സ്വദേശി സിതി ആയിഷ (25), വിയറ്റ്നാം സ്വദേശി ഡോൺ തൈ ഹുവോങ് (29) എന്നിവർ കോടതിയിൽ വാദിച്ചു.
എന്നാൽ, ഇരുവരും ഉത്തര കൊറിയയുടെ പരിശീലനം കിട്ടിയ ഏജന്റുമാരാണെന്നും ആ രാജ്യമാണ് വധത്തിനു പിന്നിലെന്നും മലേഷ്യ ആവർത്തിച്ചു.
കിം ജോങ് നാമിന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് ഉത്തര കൊറിയ ആവർത്തിക്കുന്നതിനിടെയാണ് വനിതകളുടെ വാദമെന്നതു ശ്രദ്ധേയമാണ്.
അതീവ സുരക്ഷയിൽ ബുള്ളറ്റ് പ്രൂഫ് വേഷത്തിലാണു യുവതികളെ വിചാരണക്കോടതിയിൽ ഹാജരാക്കിയത്. വധശ്രമക്കുറ്റം തെളിയിക്കപ്പെട്ടാൽ മലേഷ്യൻ നിയമപ്രകാരം യുവതികൾക്ക് വധശിക്ഷ ഉറപ്പാണ്.
നിരപരാധിത്വം തെളിയിക്കാനാകുമെന്ന് ഹുവോങ്ങിന്റെ അഭിഭാഷകൻ ഹിസ്‌യാം തേ പൊ തെയ്ക് പറഞ്ഞു. അതിനിടെ, കൊലപാതകത്തിനു പിന്നിൽ ഉത്തരകൊറിയൻ ഭരണകൂടമാണെന്നു മലേഷ്യ കണ്ടെത്തിയതായി ദക്ഷിണ കൊറിയ അവകാശപ്പെട്ടു. ഉത്തര കൊറിയൻ ഏകാധിപതിയായിരുന്ന അന്തരിച്ച കിം ജോങ് ഇല്ലിന്റെ മൂത്ത മകനാണു കിം ജോങ് നാം.
അനന്തരാവകാശിയാകുമെന്ന് ഒരിക്കൽ കരുതിയിരുന്നുവെങ്കിലും 2001-ൽ വ്യാജ പാസ്പോര്‍ട്ടില്‍ ജപ്പാനിൽ പോകാൻ ശ്രമിച്ചതിനെത്തുടർന്നുണ്ടായ വിവാദത്തോടെ പ്രശ്ങ്ങൾ രൂക്ഷമായി.
ചൈനയുടെ പ്രവിശ്യയായ മക്കാവുവിൽ പ്രവാസ ജീവിതത്തിലായിരുന്നു കിം ജോങ് നാം. പിതാവിന്റെ മരണശേഷം നാമിന്റെ അർധ സഹോദരൻ കിം ജോങ് ഉൻ 2011 ഡിസംബറിലാണ് ഉത്തര കൊറിയയുടെ ഭരണാധികാരിയായത്