ലോര്‍ഡ്‌സ്: വനിതാ ലോകകപ്പ് ഫൈനലിന് തയാറെടുക്കുന്ന ഇന്ത്യയെ ആശങ്കയിലാഴ്ത്തി വൈസ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് പരിക്ക്.
ശനിയാഴ്ച പരിശീലനത്തിനിടെ വലത് തോളിനാണ് പരിക്കേറ്റത്. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ കൗര്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ കളിക്കുമെന്ന് നായിക മിഥാലി രാജ് പറഞ്ഞു. പരിക്ക് ഗുരുതരമല്ലെന്നും മിഥാലി പറഞ്ഞു.
ഓസ്‌ട്രേലിയക്കെതിരായ സെമിയില്‍ കൗറിന്റെ ഉജ്ജ്വല ബാറ്റിംഗാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. കൗര്‍ പുറത്താകാതെ 115 പന്തില്‍ നിന്ന് 171 റണ്‍സാണ് അടിച്ചുകൂട്ടിയത്. 20 ഫോറുകളുടെയും ഏഴ് സിക്സുകളുടെയും പിന്‍ബലത്തില്‍ താരം ബാറ്റുകൊണ്ട് അനായാസം പുതുചരിത്രമെഴുതുകയായിരുന്നു.
ഇന്ത്യന്‍ വനിതാ താരങ്ങളുടെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറുകളില്‍ രണ്ടാം സ്ഥാനവും ഇപ്പോള്‍ ഹര്‍മന്‍പ്രീത് കൗറിനാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 188 റണ്‍സ് നേടിയിട്ടുള്ള ദീപ്തി ശര്‍മയാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്. എന്നാല്‍, ലോകകപ്പില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന ഖ്യാതി ഹര്‍മന്‍ പ്രീതിന് അവകാശപ്പെട്ടതാണ്.