മുംബൈ: വനിതാ ലോകകപ്പ് ഫൈനലിലെത്തിയതിന് പിന്നാലെ ടീം ഇന്ത്യക്ക് ബി.സി.സി.ഐയുടെ പാരിതോഷികം.
ടീം ഇന്ത്യയിലെ വനിതാ താരങ്ങള്‍ക്ക് 50 ലക്ഷം രൂപ വീതം നല്‍കുമെന്ന് ബി.സി.സി.ഐ വ്യക്തമാക്കി. സപ്പോര്‍ട്ടിങ് സ്റ്റാഫിന് 25 ലക്ഷം വീതവും ലഭിക്കും.
സെമിയില്‍ കരുത്തരായ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചാണ് മിഥാലിയും സംഘവും ഫൈനല്‍ ഉറപ്പിച്ചത്. 36 റണ്‍സിനായിരുന്നു ഇന്ത്യന്‍ പെണ്‍പടയുടെ വിജയം.
ആറ് തവണ ലോകകപ്പ് ചാമ്പ്യന്മാരായിരുന്നു ഓസ്‌ട്രേലിയ എന്നതും ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് മധുരം നല്‍കുന്നു.
നാളെ ലോര്‍ഡ്‌സില്‍ നടക്കുന്ന ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യക്കായിരുന്നു വിജയം. ഈയൊരു ആത്മവിശ്വാസം ഫൈനലില്‍ ഇന്ത്യക്ക് മുതല്‍കൂട്ടാവും. ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ മികച്ചഫോമിലുമാണ്.
നേരത്തെ ബി.സി.സി.ഐയുടെ ആക്ടിങ് പ്രസിഡന്റ് സി.കെ ഖന്ന പ്രതിഫലക്കാര്യം വാഗ്ദാനം ചെയ്തിരുന്നു. ലോകകപ്പിലെ മിന്നല്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ബി.സി.സി.ഐയുടെ വാഗ്ദാനം.
ഇത് രണ്ടാം തവണയാണ് വനിതാലോകകപ്പിലെ കലാശക്കളിക്ക് ഇന്ത്യ യോഗ്യത നേടുന്നത്.
നേരത്തെ 2005ല്‍ ഇന്ത്യ ഫൈനല്‍ കളിച്ചെങ്കിലും ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. ഹര്‍മന്‍പ്രീത് കൗറിന്റെ തകര്‍പ്പന്‍ പ്രകടനമാണ് (171) സെമിയില്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.