സ്ത്രീ വിദ്യാഭ്യാസത്തിനെതിരെ പ്രകോപനപരമായ പ്രസംഗം; പാക് പുരോഹിതന് ജാമ്യം

ലാഹോര്‍: സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയ പാക് പുരോഹിതന് ജാമ്യം. നൗഷേറ ജില്ലയിലെ ഖൈബര്‍ പഖ്തുന്‍ഖ്വ മേഖലയിലാണ് സംഭവം. മുഫ്തി സര്‍ദാര്‍ അലി ഹഖാനി എന്ന ഇസ്ലാം പുരോഹിതനാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചതിന് ശേഷം ഇയാളെ നൂറ് കണക്കിന് വിദ്യാര്‍ത്ഥികളുടെ അകമ്പടിയോടെയാണ് വസീറാബാദിലെ മദ്രസയിലെത്തിച്ചതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനെതിരെയും ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി വിവിധ വകുപ്പുകളിലായി ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കുമെതിരെയാണ് മുഫ്തി സര്‍ദാര്‍ അലി ഹഖാനിയുടെ പ്രകോപന പ്രസംഗം. വിവാദപ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തതെന്ന് ജില്ല പൊലീസ് ഓഫീസര്‍ മുഹമ്മദ് ഇഖ്ബാല്‍ പറഞ്ഞു.

വിദ്യാഭ്യാസം നേടുന്നതും ജോലി ചെയ്യുന്നതുമായ പെണ്‍കുട്ടികള്‍ക്കെതിരെ അവഹേളനപരമായ വാക്കുകള്‍ ഉപയോഗിച്ചതായി ഇയാള്‍ കോടതിയില്‍ സമ്മതിച്ചു. രണ്ട് ജാമ്യബോണ്ടുകളിലായാണ് കോടതി പുരോഹിതന് ജാമ്യം അനുവദിച്ചത്. മുന്‍പും സ്ത്രീകള്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതിന് പാകിസ്താനില്‍ ഇസ്ലാം പുരോഹിതര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീകളുടെ തെറ്റുകള്‍ കാരണമാണ് ലോകത്ത് കൊറോണ പടര്‍ന്ന് പിടിക്കുന്നതെന്ന് ഇസ്ലാം പുരോഹിതനായ മൗലാന താരിഖ് ജമീല്‍ അവകാശപ്പെട്ടിരുന്നു. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സാന്നിദ്ധ്യത്തില്‍ തത്സമയ ടെലിവിഷന്‍ പരിപാടിക്കിടെയായിരുന്നു പ്രകോപന പരാമര്‍ശം. ഇതിനെതിരെ ഇമ്രാന്‍ ഖാന്‍ യാതൊരു എതിര്‍പ്പും പ്രകടിപ്പിച്ചില്ലെന്നതും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

 

 

Top