കാസര്‍കോട്ടെ കൊലപാതകത്തില്‍ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: കാസര്‍കോട് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയതിന് ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടി.

കാനത്തൂര്‍ വടക്കേക്കരയിലാണ് സംഭവം. വടക്കേക്കര കോളനിയിലെ വിജയനാണ് ഭാര്യ ബേബി(35)യെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. കുടുംബവഴക്കാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമെന്നാണ് വിവരം.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വീടിനുള്ളില്‍ വെച്ച് വിജയന്‍ ബേബിക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ് വീണ ബേബി തല്‍ക്ഷണം മരിച്ചു. പിന്നാലെ വീട്ടില്‍ നിന്ന് രക്ഷപ്പെട്ട വിജയനെ സമീപത്തെ കശുമാവിന്‍ത്തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.

കൈവശമുണ്ടായിരുന്ന നാടന്‍തോക്ക് ഉപയോഗിച്ചാണ് വിജയന്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ബേബിയെ ആരോ ഫോണില്‍ വിളിച്ച് ശല്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Top