കാബൂള്‍: രാജ്യത്ത് ഔദ്യോഗികമായി വനിതാ ക്രിക്കറ്റ് വിലക്കിയിട്ടില്ല എന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ അസീസുള്ള ഫൈസി. വനിതകള്‍ കായികമത്സരങ്ങളില്‍ പങ്കെടുക്കുന്നതിനെ താലിബാന്‍ വിലക്കിയിട്ടില്ല. വനിതകള്‍ കളിക്കുന്ന ഒരു കായിക മത്സരത്തിനും, പ്രത്യേകിച്ച് ക്രിക്കറ്റിന് വിലക്കില്ലെന്ന് താലിബാന്‍ അറിയിച്ചിട്ടുണ്ടെന്നും ഫൈസി പറഞ്ഞു.
താലിബാന്‍ അധികാരത്തിലേറിയതിനു ശേഷം രാജ്യത്ത് വനിതാ കായിക മത്സരങ്ങള്‍ നടന്നിട്ടില്ല. ദേശീയ ഫുട്‌ബോള്‍ ടീം അംഗങ്ങളില്‍ പലരും രാജ്യം വിട്ടു. അഫ്ഗാനില്‍ തന്നെയുള്ള താരങ്ങള്‍ പുറത്തിറങ്ങാന്‍ പോലും ഭയന്ന് കഴിയുകയാണ്. ഇതിനിടെയാണ് രാജ്യത്ത് വനിതാ കായിക മത്സരങ്ങള്‍ക്ക് ഔദ്യോഗിക വിലക്കില്ലെന്ന് എസിബി അറിയിക്കുന്നത്.
”താലിബാന്‍ ഉദ്യോഗസ്ഥരുമായി ഞങ്ങള്‍ സംസാരിച്ചിരുന്നു. വനിതാ കായിക മത്സരങ്ങള്‍ക്ക്, പ്രത്യേകിച്ച് ക്രിക്കറ്റിന് രാജ്യത്ത് വിലക്കില്ല. പക്ഷേ, നമ്മുടെ സംസ്‌കാരവും മതവും നമ്മള്‍ മനസ്സില്‍ വെക്കണം. അതിനനുസരിച്ച് വസ്തം ധരിക്കുകയും മതം പിന്തുടരുകയും ചെയ്യുന്ന സ്ത്രീകള്‍ക്ക് കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനു വിലക്കില്ല. വനിതകള്‍ ഷോര്‍ട്ട്‌സ് ധരിക്കുന്നത് ഇസ്ലാം മതം അനുവദിക്കുന്നില്ല. അത് നമ്മള്‍ മനസ്സില്‍ വെക്കണം.”- അസീസുള്ള പറഞ്ഞു.