വനിതാ ലോകകപ്പ്: വിശ്വകിരീടം സ്വന്തമാക്കി ഓസ്ട്രേലിയ

ക്രൈസ്റ്റ്ചര്‍ച്ച്: വനിതകളുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഓസ്ട്രേലിയക്ക് കിരീടം. ഓസീസ് വനിതകള്‍ ഉയര്‍ത്തിയ 357 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 43.4 ഓവറില്‍ 285 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. 71 റണ്‍സിനാണ് ഓസിസിന്റെ ജയം. തകര്‍പ്പന്‍ സെഞ്ച്വറി നേടിയ അലീസ ഹീലിയുടെ മികവിലാണ് ഓസീസ് 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സ് നേടിയത്. അലീസയാണ് ഫൈനലിലെ താരവും.

ഇംഗ്ലണ്ടിന് വേണ്ടി നടാലി സീവര്‍ സെഞ്ച്വറി നേടിയെങ്കിലും (പുറത്താകാതെ 148 റണ്‍സ്) മറുവശത്ത് പിന്തുണ നല്‍കാന്‍ ആളുണ്ടായില്ല. കൃത്യമായ ഇടവേളകളില്‍ ഇംഗ്ലീഷ് വിക്കറ്റുകള്‍ വീഴ്ത്തി ഓസ്ട്രേലിയ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരുന്നു. ലെഗ് സ്പിന്നര്‍ അലാന കിങ്, ജെസ് ജോനാസന്‍ എന്നിവര്‍ ഓസീസിന് വേണ്ടി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മേഗന്‍ ഷട്ട് രണ്ട് വിക്കറ്റും താലിയ മഗ്രാത്, ആഷ്ലി ഗാര്‍ഡിനര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഓപ്പണിങ് ബാറ്ററും വിക്കറ്റ്കീപ്പറുമായ അലീസ ഹീലി നേടിയ തകര്‍പ്പന്‍ സെഞ്ച്വറി 170(138) മികവിലാണ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഒന്നാം വിക്കറ്റില്‍ റെയ്ച്ചല്‍ ഹെയ്ന്‍സ് 68(93) അലീസ സഖ്യം 160 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൂന്നാമത് ക്രീസിലെത്തിയ ബെത്ത് മൂണി 62(47) കൂടി തിളങ്ങിയതോടെയാണ് പടുകൂറ്റന്‍ സ്‌കോറിലേക്ക് ഓസീസ് വനിതകള്‍ എത്തിയത്.

Top