വനിതാ ഐപിഎല്‍ ലേലം; സ്മൃതി റെക്കോര്‍ഡ് തുകക്ക് ബാംഗ്ലൂരിൽ; ഹര്‍മന്‍പ്രീത് മുംബൈയില്‍

മുംബൈ: വനിതാ ഐപിഎല്ലിലെ താരലലേത്തില്‍ വാശിയേറിയ ലേലം വിളിക്കൊടുവില്‍ ഇന്ത്യന്‍ താരം സ്മൃതി മന്ഥാനയെ സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. 3.40 ലക്ഷം രൂപക്കാണ് സ്മൃതിയെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. അവസാന റൗണ്ട് വരെ സ്മൃതിക്കായി മുംബൈ ഇന്ത്യന്‍സ് രംഗത്തുണ്ടായിരുന്നെങ്കിലും ഒടുവില്‍ 3.40 കോടിക്ക് ആര്‍സിബി മന്ഥാനയെ ടീമിലെത്തിച്ചു. അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്കായിരുന്നു ലേലം

ഇന്ത്യന്‍ ടീം ക്യാപ്റ്റനായ ഹര്‍മന്‍പ്രീത് കൗറിനായും ശക്തമായ ലേലം വിളി നടന്നു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ തുടക്കത്തില്‍ ഹര്‍മന്‍പ്രീത് രംഗത്തുവന്നു. എന്നാല്‍ ഒരു കോടി കടന്നതോടെ ബാംഗ്ലൂര്‍ പിന്‍മാറി. പിന്നീട് ഡല്‍ഹി ക്യാപിറ്റല്‍സാണ് ഹര്‍മന്‍പ്രീതിനായി മുംബൈക്കൊപ്പം മത്സരിച്ചത്. ഒടുവില്‍ 1.80 കോടി രൂപക്ക് മുംബൈ ഹര്‍മനെ ടീമിലെത്തിച്ചു.

ഓസ്ട്രേലിയന്‍ താരം എല്‍സി പെറിയെ 1.7 കോടിക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ആഷ്‌ലി ഗാര്‍ഡന്റെ 3.20 കോടി മുടക്കി ഗുജറാത്ത് ജയൻസ് ടീമിലെത്തിച്ചു. ന്യൂസിലന്‍ഡ് താരം സോഫി ഡിവൈനിനെ അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്ക് ആര്‍ സി ബി ടീമിലെത്തിച്ചു. ഇംഗ്ലണ്ട് താരം സോഫി എക്ലിസ്റ്റണെ 1.80 കോടി രൂപക്ക് യുപി വാരിയേഴ്സ് ടീമിലെത്തിച്ചു. വിന്‍ഡീസ് താരം ഹേയ്‌ലി മാത്യൂസിനെ ആദ്യഘട്ടലേലത്തില്‍ ആരും ടീമിലെടുത്തില്ല.

ആറ് വിദേശതാരങ്ങൾ അടക്കം പരമാവധി 18 കളിക്കാരെയാണ് ഓരോ ടീമിനും സ്വന്തമാക്കാനാവുക. ആകെ 90 കളിക്കാരെയാണ് ലേലത്തിലൂടെ മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, അദാനി ഗ്രൂപ്പ്, കാപ്രി ഗ്ലോബല്‍ എന്നിവരുടെ ഉടമസ്ഥതതയിലുള്ള അഞ്ച് ടീമുകളും ചേര്‍ന്ന് സ്വന്തമാക്കുക.

വനിതാ ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ ആകെ 22 മത്സരങ്ങളാണുണ്ടാവുക. ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ മിതാലി രാജ് ഗുജറാത്ത് ജയന്റ് സിന്റെയും ജുലന്‍ ഗോസ്വാമി മുംബൈ ഇന്ത്യന്‍സിന്റെയും മെന്റര്‍മാരാണ്. മാര്‍ച്ച് നാലു മുതല്‍ 26 വരെയാണ് ആദ്യ വനിതാ ഐപിഎല്‍. മുംബൈയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് ടൂര്‍ണമെന്റ് നടക്കുക.

 

Top