ആദ്യ വനിതാ ഐപിഎൽ 2023 മാർച്ചിൽ സംഘടിപ്പിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പദ്ധതിയിടുന്നു. സ്ത്രീകളുടെ ആഭ്യന്തര കലണ്ടറിൽ ഇത് സംബന്ധിച്ച മാറ്റങ്ങൾ ബോർഡ് വരുത്തിയതോടെയാണ് ഇത്തരത്തിൽ ഒരു ഫ്രേപോർട് പുറത്ത് വന്നത്. ഈ വര്ഷം ഒക്‌ടോബർ 11-ന് T20 മത്സരത്തോടെ ആരംഭിച്ച് അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്റർ സോണൽ ഏകദിന മത്സരത്തോടെ അവസാനിക്കുന്നതാണ് 2022–23 ലെ സീനിയർ വനിതാ സീസൺ.
ഐപിഎലിന്റെ 2018 സീസൺ മുതൽ ബിസിസിഐ വനിതാ ടി20 ചലഞ്ച് സംഘടിപ്പിക്കുന്നുണ്ട്. പിന്നീട് കൊവിഡിനെ തുടർന്ന് മത്സരം റദ്ദാക്കിയിരുന്നു. ആദ്യ സീസണിൽ രണ്ട് ടീമുകൾ തമ്മിലുള്ള എക്സിബിഷൻ മത്സരമായി കളിച്ചിരുന്ന ടൂർണമെന്റ് നിരവധി പ്രമുഖ വിദേശ കളിക്കാർ കൂടി എത്തിയതോടെ മൂന്ന് ടീമുകളുടെ മത്സരമായി മാറി. ഇതോടെ പുരുഷന്മാരുടെ ഐപിഎൽ മാതൃകയിൽ മത്സരം നടത്തണമെന്ന ആവശ്യം ശക്തമായി.
അഞ്ച് ടീമുകളെ പങ്കെടുപ്പിച്ച് ഒരു മാസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റാകും നടക്കുകയെന്ന് ഒരു മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ടി20 ലോകകപ്പിന് ശേഷമായിരിക്കും ടൂര്‍ണമെന്റ് നടക്കുക. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി 2023ൽ വനിതാ ഐപിഎൽ നടത്തുമെന്ന് നേരത്തെ പറഞ്ഞിരുന്നു.
വനിതാ ഐപിഎൽ ടീമിനെ സ്വന്തമാക്കാൻ രാജസ്ഥാൻ റോയൽസിന്റെയും ബാർബഡോസ് റോയൽസിന്റെയും ഉടമകൾ പരസ്യമായി താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നൈറ്റ് റൈഡേഴ്സ് ഗ്രൂപ്പും ഇക്കാര്യത്തിൽ ആഗ്രഹവുമായി രംഗത്തുണ്ട്.
വനിതാ സിപിഎല്ലിന്റെ ഉദ്ഘാടന പതിപ്പ് ഈ വർഷാവസാനം നടക്കുന്ന പുരുഷ ടൂർണമെന്റിനോട് അനുബന്ധിച്ചാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇതിൽ മൂന്ന് ടീമുകൾ ഉൾപ്പെടും. നൈറ്റ് റൈഡേഴ്സ് ഗ്രൂപ്പ് ടീമായ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സും ഇതിൽ കളിക്കും.