വനിതാ ലോങ്ജമ്പ്: ആന്‍സി സോജന് സ്വര്‍ണം

ഭുവനേശ്വർ∙ ഭുവനേശ്വറില്‍ നടന്ന ഇന്‍റര്‍ സ്റ്റേറ്റ് സീനിയര്‍ അത്‌ലറ്റിക്സ് മീറ്റില്‍ വനിതകളുടെ ലോങ്ജമ്പ് ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. കേരളത്തിന്റെ ആന്‍സി സോജന്‍ 6.51 മീറ്റര്‍ ചാടി സ്വര്‍ണം നേടിയപ്പോള്‍ ഉത്തര്‍പ്രദേശുകാരി ശൈലി സിങ് 6.49 മീറ്ററില്‍ വെള്ളിയായി. ആന്ധ്രയുടെ ഭവാനി യാദവ് 6.44 മീറ്റര്‍ ചാടി വെങ്കലം നേടി.

കേരളത്തിന്റെ നയന ജയിംസ് 6.41 മീറ്റര്‍ ചാടി നാലാമതായി. വി നീനയ്ക്ക് താണ്ടാനായത് 6.14 മീറ്റര്‍. സ്വര്‍ണത്തിനായി ആന്‍സിയും ശൈലിയും തമ്മിലായിരുന്നു പ്രധാന മത്സരം. ദേശീയ റെക്കോഡുകാരി ഒളിമ്പ്യന്‍ അഞ്ജുവും ഭര്‍ത്താവ് ബോബി ജോര്‍ജും പരിശീലിപ്പിക്കുന്ന പത്തൊമ്പതുകാരി ശൈലി ഏപ്രിലില്‍ 6.76 മീറ്റര്‍ ചാടിയിരുന്നു. അഞ്ജുവിന്റെ പേരിലുള്ള ദേശീയ റെക്കോഡ് 6.83 മീറ്ററാണ്.

തൃശൂര്‍ക്കാരി ആന്‍സി 5.87 മീറ്റര്‍ ചാടിയാണ് തുടങ്ങിയത്. തുടര്‍ന്ന് 6.36, 6.16, 6.44 മീറ്റര്‍ മറികടന്നു. അഞ്ചാമത്തേതാണ് സ്വര്‍ണച്ചാട്ടം, 6.51 മീറ്റര്‍. അവസാന ചാട്ടം 6.41 മീറ്റര്‍. യോഗ്യതാമത്സരത്തില്‍തന്നെ ഇരുപത്തിരണ്ടുകാരി ഏഷ്യന്‍ ഗെയിംസ് യോഗ്യതാ ദൂരമായ 6.45 മീറ്റര്‍ മറികടന്നിരുന്നു. ശൈലിയും ആന്‍സിയും സെപ്തംബറില്‍ ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ നയിക്കും. ശൈലിയുടെ ആദ്യചാട്ടം 5.90 മീറ്ററായിരുന്നു. രണ്ടും ആറും ചാട്ടങ്ങള്‍ 6.49 മീറ്ററായി. 5.88, 6.32, 6.47എന്നിങ്ങനെയാണ് മറ്റ് ചാട്ടങ്ങള്‍.

Top