സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കേണ്ടെന്ന് പ്രതികരണം; പിന്നില്‍ ദുരൂഹതയെന്ന് പാര്‍ലമെന്ററി സമിതി

ന്യൂഡല്‍ഹി: സ്ത്രീകളുടെ വിവാഹപ്രായം 18 വയസ്സില്‍നിന്ന് 21 ആക്കി ഉയര്‍ത്താനുള്ള ബില്‍ പരിശോധിക്കുന്ന പാര്‍ലമെന്ററി സമിതിക്ക് പൊതുജനങ്ങളില്‍നിന്ന് ലഭിച്ച പ്രതികരണങ്ങളില്‍ മഹാഭൂരിപക്ഷവും നടപടിയെ എതിര്‍ത്തുകൊണ്ട്.

ഇ-മെയില്‍ സന്ദേശങ്ങളില്‍ 95 ശതമാനവും വിവാഹപ്രായം ഉയര്‍ത്തുന്നതിനെ എതിര്‍ക്കുകയാണ്. സുപ്രധാന നിയമനിര്‍മാണത്തെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണോയിതെന്ന് സംശയമുള്ളതായി പാര്‍ലമെന്ററി സമിതിവൃത്തങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ ഡിസംബറില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച ബാലവിവാഹനിരോധന ഭേദഗതിബില്‍ ബി.ജെ.പി. അംഗം വിനയ് സഹസ്രബുദ്ധെയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസം, വനിത, ശിശു, യുവജനം, കായിക കാര്യങ്ങള്‍ക്കായുള്ള സമിതിയാണ് പരിശോധിക്കുന്നത്.

അതുമാത്രമല്ല, ഈ സന്ദേശങ്ങളില്‍ ഭൂരിഭാഗത്തിന്റെയും ഉള്ളടക്കവും ഭാഷയുമൊക്കെ സമാനമാണെന്നാണ് വിലയിരുത്തല്‍. ഒരേ കേന്ദ്രത്തില്‍നിന്ന് തയ്യാറാക്കിയതാവാനാണ് സാധ്യതയെന്ന് മെയില്‍ പരിശോധിച്ചവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതാണ് ബില്‍ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ മെയില്‍ പ്രവാഹമെന്ന സംശയമുയരാന്‍ കാരണം.

Top