വനിതാ പ്രിമിയർ ലീഗ് ഫെബ്രുവരി 23 മുതൽ

വനിതാ പ്രിമിയർ ലീഗ് (ഡബ്ല്യുപിഎൽ) ട്വന്റി20 ക്രിക്കറ്റ് രണ്ടാം സീസണു ഫെബ്രുവരി 23ന് തുടക്കമാകും. 24 ദിവസം നീണ്ടുനിൽക്കുന്ന രണ്ടാം സീസണിൽ 22 മത്സരങ്ങളാണുള്ളത്. ബെംഗളൂരു ചിന്നസ്വാമി ‌സ്റ്റേഡിയം, ഡൽഹി അരുൺ ജയ്റ്റ്ലി സ്‌റ്റേഡിയം എന്നിവയാണ് മത്സരവേദികൾ. ആദ്യ സീസണിൽ മുംബൈ ആയിരുന്നു മത്സര വേദി. ആദ്യ പാദത്തിലെ 11 മത്സരങ്ങൾ ബെംഗളൂരുവിലും രണ്ടാം പാദത്തിലെ 11 മത്സരങ്ങൾ ഡൽഹിയിലും നടക്കും.

ടൂർണമെന്റിന്റെ മത്സരക്രമം ബിസിസിഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എല്ലാ മത്സരങ്ങളും രാത്രി 7.30നാണ് ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസ് കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ഡൽഹി ക്യാപിറ്റൽസിനെ നേരിടും. റോയൽ ചലഞ്ചേഴ്സ് ബാംഗളൂരും യുപി വാറിയേഴ്സും തമ്മിലാണ് രണ്ടാം മത്സരം. ഗുജറാത്ത് ജയന്റ്സ് ആണ് ടൂർണമെന്റിലെ അഞ്ചാമത്തെ ടീം. എലിമിനേറ്റർ, ഫൈനൽ മത്സരങ്ങൾക്ക് ഉൾപ്പെടെ ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം വേദിയാകും. മാർച്ച് 17ന് ആണ് ഫൈനൽ.

മലയാളി താരങ്ങളായ മിന്നുമണിയും സജന സജീവും ഡബ്ല്യുപിഎലിൽ കളിക്കുന്നുണ്ട്. ഓൾറൗണ്ടറായ സജനയെ ഇത്തവണ താരലേലത്തിലൂടെ 15 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് ടീം സ്വന്തമാക്കുകയായിരുന്നു. സജനയുടെ സഹതാരവും നാട്ടുകാരിയുമായ മിന്നു മണി കഴിഞ്ഞവർഷത്തെ ലേലത്തിലൂടെ ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിയിരുന്നു. പഞ്ചാബ് സ്വദേശിനിയായ ഇന്ത്യൻ ആഭ്യന്തര താരം കശ്‍വീ ഗൗതമും ഓസ്ട്രേലിയൻ ഓൾറൗണ്ടർ അന്നബെൽ സതർലൻഡും (2 കോടി വീതം) ഇത്തവണ വിലയേറിയ താരങ്ങളായി.

Top