വനിതാ പ്രീമിയര്‍ ലീഗ് രണ്ടാം സീസണു മുന്നോടിയായുള്ള മിനി ലേലം ഇന്ന്. ആകെ 165 താരങ്ങളാണ് ലേലപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള നാല് താരങ്ങളും പട്ടികയിലുണ്ട്. അഞ്ച് ടീമുകളിലായി 9 വിദേശതാരങ്ങളടക്കം 30 പേര്‍ക്കാണ് അവസരം ലഭിക്കുക. ഗുജറാത്ത് ജയന്റ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകളിലാണ് കൂടുതല്‍ സ്ലോട്ടുകളുള്ളത്.
ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചമരി അത്തപ്പട്ടുവാണ് പട്ടികയിലെ പ്രമുഖരില്‍ ഒരാള്‍. കഴിഞ്ഞ എഡിഷനില്‍ ഒരു ടീമും പരിഗണിക്കാത്തതില്‍ താരം ദുഖം രേഖപ്പെടുത്തിയിരുന്നു. ഇക്കുറി വനിതാ ബിഗ് ബാഷില്‍ പരമ്പരയിലെ താരമായി തകര്‍പ്പന്‍ ഫോമിലാണ് ചമരി. അതുകൊണ്ട് തന്നെ താരം ഗുജറാത്തിലോ യുപിയിലോ കളിക്കാന്‍ ഏറെ സാധ്യതയുണ്ട്. ഇംഗ്ലണ്ട് ഓപ്പണര്‍ ഡാനി വ്യാട്ടിനെയും കഴിഞ്ഞ സീസണില്‍ ആരും ടീമിലെടുത്തില്ല. ഇന്ത്യന്‍ പിച്ചുകളില്‍ നന്നായി കളിക്കുന്ന, തകര്‍പ്പന്‍ റെക്കോര്‍ഡുള്ള വ്യാട്ടിനും ടീം ലഭിക്കാത്തത് അത്ഭുതമായിരുന്നു. നടന്നുകൊണ്ടിരിക്കുന്ന ടി-20 പരമ്പരയിലെ ആദ്യ കളിയില്‍ ഫിഫ്റ്റിയടിച്ച് താരം നയം വ്യക്തമാക്കിക്കഴിഞ്ഞു. താരവും ഗുജറാത്തില്‍ എത്തിയേക്കും.
മുന്‍ ക്യാപ്റ്റന്‍ സജന എസ്, അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ച ഓള്‍ റൗണ്ടര്‍ നാജില സിഎംസി, സ്പിന്നര്‍ കീര്‍ത്തി ജെയിംസ്, ബാറ്റര്‍ ദൃശ്യ ഐവി എന്നിവരാണ് ലേലപ്പട്ടികയിലുള്ള മലയാളി താരങ്ങള്‍. നിലവിലെ ക്യാപ്റ്റന്‍ മിന്നു മണി ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമുണ്ട്.