ന്യൂയോര്‍ക്ക്: കാനഡ സൗദിയോട് മാപ്പുപറയണമെന്ന് വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍. കഴിഞ്ഞ ഓഗസ്റ്റിലാണ് സൗദിയിലെ വനിതാ ആക്ടിവിസ്റ്റുകളെ മോചിപ്പിക്കണമെന്ന് കാനഡ ആവശ്യപ്പെട്ടത്. ഈ ആവശ്യപ്പെടലില്‍ രോഷം കൊണ്ടാണ് മന്ത്രി രൂക്ഷമായി കാനഡയെ വിമര്‍ശിച്ചത്.
ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ തങ്ങളെ ബനാന റിപ്പബ്ലിക് ആയി കണക്കാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തുടര്‍ന്ന് കാനഡയുമായുള്ള വാണിജ്യ ബന്ധം മരവിപ്പിക്കുകയും ഇറക്കുമതി നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. കനേഡിയന്‍ അംബാസിഡറോട് രാജ്യം വിടാന്‍ ആവശ്യപ്പെടുകയും, കാനഡയിലുള്ള സൗദി വിദ്യാര്‍ത്ഥികളോട് തിരികെയെത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.
മറ്റൊരു രാജ്യം അവിടെയിരുന്ന് ഇങ്ങോട്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് തങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും, ക്യൂബെകിന് ഉടന്‍ സ്വാതന്ത്ര്യം നല്‍കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കാനഡയിലെ ഇന്ത്യക്കാര്‍ക്ക് തുല്യ അവകാശം നല്‍കണമെന്ന് തങ്ങള്‍ അങ്ങോട്ട് ആവശ്യപ്പെട്ടാല്‍ എങ്ങനെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്കില്‍ വിദേശ സഹകരണ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു സൗദി വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.