തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന നിലപാട് ആര്‍.എസ്.എസ്. കേന്ദ്രനേതൃത്വം ആവര്‍ത്തിച്ചു. രാജ്യത്തെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലും സ്ത്രീപ്രവേശനം ആവാമെങ്കില്‍ ശബരിമലയുടെ കാര്യത്തില്‍ മറിച്ചൊരു നിലപാട് ആവശ്യമില്ലെന്ന് ആര്‍.എസ്.എസ്. കേന്ദ്രനേതൃത്വത്തിലെ ഭയ്യാജി ജോഷി അഭിപ്രായപ്പെട്ടു.
എവിടെ പുരുഷന് പ്രവേശനമുണ്ടോ അവിടെ സ്ത്രീക്കും പ്രവേശനം കൊടുക്കണം. ഇതാണ് ആര്‍.എസ്.എസ്സിന്റെ പൊതുവായ നിലപാട് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഒരു ആചാരം തെറ്റാണെന്നു തോന്നിയാല്‍ അത് ഉപേക്ഷിക്കണം. നൂറുകണക്കിനു വര്‍ഷങ്ങളായി തുടരുന്നു എന്നതുകൊണ്ട് ആ ആചാരം ഇനിയും തുടരണം എന്ന നിലപാട് ആര്‍.എസ്.എസ്സിന് സ്വീകാര്യമല്ലെന്ന് ഭയ്യാജി ജോഷി വ്യക്തമാക്കി.
രാജ്യം മുഴുവനെടുത്താല്‍ ചില ക്ഷേത്രങ്ങളില്‍ മാത്രമേ സ്ത്രീകള്‍ക്ക് വിലക്കുള്ളൂ. അതും പാടില്ലെന്നാണ് ആര്‍.എസ്.എസ്സിന്റെ നിലപാട്. ശബരിമലയില്‍ പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന് പണ്ടെപ്പോഴോ തീരുമാനിച്ചതിന്റെ കാരണങ്ങള്‍ പരിശോധിക്കപ്പെടണം.
പ്രായം തീരുമാനിച്ച കാലത്ത് അതിനെന്തെങ്കിലും കാരണമുണ്ടായിരുന്നിരിക്കാം. ആ കാരണങ്ങള്‍ വെളിച്ചത്തുവരട്ടെ. അത് ഇപ്പോഴും ആവശ്യമെന്നു തോന്നുകയാണെങ്കില്‍ ചര്‍ച്ചയാവാം. അല്ലാതെ പണ്ടുമുതല്‍ നടന്നുവന്നിരുന്നതുകൊണ്ടുമാത്രം ഇനിയും തുടരണമെന്ന നിലപാട് അനുചിതമാണെന്ന് ഭയ്യാജി ജോഷി പറഞ്ഞു.
എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന് മാസങ്ങള്‍ക്കുമുമ്പ് നടന്ന ആര്‍.എസ്.എസ്സിന്റെ അഖില ഭാരതീയ പ്രതിനിധിസഭയില്‍ അഭിപ്രായമുയര്‍ന്നിരുന്നു.
അബ്രാഹ്മണരെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിക്കുന്നത് നല്ല കീഴ്വഴക്കമാണെന്ന് ടെലിവിഷന്‍ അഭിമുഖത്തില്‍ ഭയ്യാജി ജോഷി അഭിപ്രായപ്പെട്ടു. പവിത്രത മനസ്സിനും ശരീരത്തിനുമുണ്ടെങ്കില്‍ പൂജ ചെയ്യാം. അതിനു ജാതിയുമായി ഒരു ബന്ധവുമില്ലഅദ്ദേഹം പറഞ്ഞു.