സ്ത്രീസുരക്ഷാ: പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കുന്നു

ബ്രസീലിയ: ബ്രസീലില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കുന്നു. വിവിധ പരാതികളുമായി ബന്ധപ്പെട്ട് ഒറ്റ ദിവസം കൊണ്ട് മാത്രം ആയിരത്തിലധികം ആളുകളെ കസ്റ്റഡിയിലെടുത്തു.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ പരാതികളില്‍ നടപടി വൈകുന്നതില്‍ ബ്രസീലില്‍ പ്രതിഷേധം ശക്തമായിരുന്നു. ഏറ്റവുമൊടുവില്‍ നടന്ന യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തിപ്പെട്ടപ്പോഴാണ് കര്‍ശന നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങിയത് . വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ രാജ്യത്ത് സ്ത്രീ സുരക്ഷ പ്രധാന വിഷയമാകുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. ഇത് കൂടി മുന്‍ കൂട്ടി കണ്ടാണ് സര്‍ക്കാര്‍ ഇടപെട്ടിരിക്കുന്നത്.

മുഴുവന്‍ പരാതികളിലും ഈ മാസം തന്നെ നടപടിയെടുക്കാനും, പ്രതികളെ കസ്റ്റഡിയിലെടുക്കാനുമാണ് പൊലീസിന് നല്‍കിയ നിര്‍ദേശങ്ങളിലുള്ളത്. ഇതിനായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരടക്കം അടങ്ങുന്ന ടീമിനെ തന്നെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട് .

കറുത്ത വര്‍ഗക്കാരായ സ്ത്രീകളാണ് രാജ്യത്ത് കൂടുതലായും അതിക്രമങ്ങള്‍ക്ക് ഇരായിയിരുന്നത്. ഇത്തരം പരാതികളില്‍ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട് . 65000 ലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ ഈ ദൗത്യത്തിനായി നിയോഗിച്ചിട്ടുള്ളത്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് പൊലീസ് അറിയിച്ചു.

Top