കേപ്‌ടൗണ്‍: വനിതാ ടി20 ലോകകപ്പ് സെമിയില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 173 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ ബെത്ത് മൂണിയുടെയും മെഗ് ലാനിങിന്റെയും ആഷ്‌ലി ഗാര്‍ഡ്നറുടെയും തകര്‍പ്പന്‍ ബാറ്റിംഗിന്റെ കരുത്തില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സടിച്ചു. ബെത് മൂണി 37 പന്തില്‍ 54 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ലാനിങ് 34 പന്തില്‍ 49 റണ്‍സടിച്ച് പുറത്താകാതെ നിന്നു. ഗാര്‍ഡ്നര്‍ 18 പന്തില്‍ 31 റണ്‍സടിച്ച് പുറത്തായി. ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ പിഴവുകളാണ് മത്സരത്തില്‍ ഓസീസിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഇന്ത്യക്കായി ശിഖ പാണ്ഡെ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ദീപ്തി ശര്‍മയും രാധാ യാദവും ഓരോ വിക്കറ്റെടുത്തു.
ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി അടിച്ചാണ് ഓസീസിനായി അലീസ ഹീലി തുടങ്ങിയത്. ഇന്നിംഗ്സിലെ അവസാന പന്ത് സിക്സ് അടിച്ച് ലാനിങ് ഓസീസിനെ 172ല്‍ എത്തിച്ചു. പവര്‍പ്ലേയില്‍ വിക്കറ്റ് പോവാതെ 43 റണ്‍സടിച്ച ഓസീസിന് സ്കോര്‍ 50 കടന്നതിന് പിന്നാലെ ഓപ്പണര്‍ അലീസ ഹീലിയെ(25) നഷ്ടമായി. ബെത്ത് മൂണിയെ രണ്ട് വട്ടം കൈവിട്ട ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ അതിന് കനത്ത വില നല്‍കേണ്ടിവന്നു. ലാനിങും മൂണിയും തകര്‍ത്തടിച്ചതോടെ ഓസീസ് മികച്ച സ്കോറിലേക്ക് നീങ്ങി. പന്ത്രണ്ടാം ഓവറില്‍ സ്കോര്‍ 88ല്‍ നില്‍ക്കെ അര്‍ധസെഞ്ചുറി പിന്നിട്ട മൂണിയെ വീഴ്ത്തി ശിഖ പാണ്ഡെ പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീടെത്തിയ ആഷ്‌ലി ഗാര്‍ഡ്നറും തകര്‍ത്തടിച്ചതോടെ ഇന്ത്യയുടെ പിടി അയഞ്ഞു.
നേരത്തെ ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഇന്ത്യക്കായി ഇറയിപ്പോള്‍ പരിക്കേറ്റ പൂജ വസ്ട്രക്കര്‍ക്ക് പകരം സ്നേഹ് റാണയും രാധാ യാദവിന് പകരം രാജേശ്വരി ഗെയ്‌ക്‌വാദുമാണ് ഇന്ത്യയുടെ അന്തിമ ഇളവനിലെത്തിയത്. ഓസീസ് ആകട്ടെ അലാന കിങിന് പകരക്കാരിയായി ജെസ് ജൊനാസനെയും അനാബെല്‍ സതര്‍ലാന്‍ഡിന് പകരം സൂപ്പര്‍ താരം അലീസ ഹീലിയും ടീമിലെടുത്തു.
അവസാന രണ്ടോവറില്‍ 30 റണ്‍സടിച്ച ക്യാപ്റ്റന്‍ ലാനിങ്ങിന്റെ വെടിക്കെട്ട് ഇന്നിംഗ്സാണ് ഓസീസിന് 172 റണ്‍സെന്ന മികച്ച സ്കോറ്‍ സമ്മാനിച്ചത്. അവസാന ഓവറില്‍ രേണുക സിംഗ് 18 റണ്‍സും പത്തൊമ്പതാം ഓവറില്‍ ശിഖ പാണ്ഡെ 12 റണ്‍സും വഴങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. നാലു ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ലാനിങിന്റെ പ്രകടനം. എല്‍സി പെറി രണ്ട് റണ്‍സുമായി പുറത്താകാതെ നിന്നു.
മൂന്ന് വർഷം മുൻപ് ഇന്ത്യയെ തോൽപിച്ചാണ് ഓസീസ് വനിതകൾ ടി20 ലോകകപ്പില്‍ അഞ്ചാം കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞവർഷം കോമൺവെൽത്ത് ഗെയിംസ് ഫൈനലിലും ഓസിസ് കരുത്തിന് മുന്നിൽ ഇന്ത്യക്ക് അടിതെറ്റിയിരുന്നു. ഏറ്റവുമൊടുവിൽ ഏറ്റുമുട്ടിയ അഞ്ചു മത്സരങ്ങളുടെ പരമ്പരയും 4-1ന് ഓസീസ് സ്വന്തമാക്കി.