വനിതാ മതിലിനെ വിമര്‍ശിക്കുന്നവര്‍ക്ക് നിലപാട് തിരുത്തേണ്ടി വരും: ഇ.പി ജയരാജന്‍

EP Jayarajan

തിരുവനന്തപുരം: വനിതാ മതിലിനെ വിമര്‍ശിക്കുന്നവര്‍ക്ക് നിലപാട് തിരുത്തേണ്ടി വരുമെന്ന് മന്ത്രി ഇ.പി ജയരാജന്‍. വിമര്‍ശനങ്ങളെ കടന്നാക്രമിക്കാന്‍ സര്‍ക്കാര്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വനിതാ മതിലില്‍ നിന്നും പിന്‍മാറിയതില്‍ മഞ്ജു വാര്യര്‍ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സാമൂഹിക വീഷണത്തിന്റെ പ്രശ്‌നമാണ് അവരുടെ പ്രതികരണമെന്നാണ് ജി.സുധാകരന്‍ പറഞ്ഞത്. അവര്‍ ഉപയോഗിക്കുന്ന സാമൂഹിക കണ്ണാടി പഴയതാണെന്നും അത് മാറ്റേണ്ട സമയമായെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

മഞ്ജു വാര്യരെ കണ്ടു കൊണ്ടല്ല സര്‍ക്കാര്‍ വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്നും വനിതാ മതിലിന് എന്ത് രാഷ്ട്രീയമാണ് ഉള്ളതെന്ന് മഞ്ജു വ്യക്തമാക്കണമെന്നും മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മഞ്ജു വാര്യരെ ആശ്രയിച്ചല്ല വനിതാ മതില്‍ തീരുമാനിച്ചതെന്നും മഞ്ജു വാര്യര്‍ പിന്‍മാറിയാലും വനിതാ മതിലിന് ഒന്നും സംഭവിക്കില്ലെന്നും വൈദ്യുത മന്ത്രി എം.എം മണിയും വ്യക്തമാക്കിയിരുന്നു.

സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ നിന്നും നടി മഞ്ജു വാര്യര്‍ പിന്‍മാറിയിരുന്നു. വനിതാ മതിലിന് രാഷ്ട്രീയ നിറം വന്നു ചേര്‍ന്നത് അറിഞ്ഞിരുന്നില്ലെന്നും പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം തനിക്കില്ലെന്നുമായിരുന്നു മഞ്ജു പറഞ്ഞത്. കലയാണ് തന്റെ രാഷ്ട്രീയമെന്നും അതിനപ്പുറം തനിക്കൊന്നുമില്ലെന്നും മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

Top