തിരുവനന്തപുരം : സ്ത്രീകള്‍ മാത്രം പങ്കെടുത്ത ലോകത്തിലെ ഏറ്റവും നീളമേറിയ മതിലായിരുന്നു വനിതാ മതിലെന്ന് യൂനിവേഴ്‌സല്‍ റെക്കാര്‍ഡ്‌സ് ഫോറം.
50 ലക്ഷം സ്ത്രീകള്‍ പങ്കെടുത്തതായാണ് പ്രാഥമിക കണക്കെന്നും യുആര്‍എഫ് ഇന്റര്‍നാഷണല്‍ ജൂറി സുനില്‍ ജോസഫ് പറഞ്ഞു. യുആര്‍എഫ് അംഗീകാരത്തിന്റെ സാക്ഷ്യപത്രം ഒരാഴ്ചക്കുള്ളില്‍ കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം നവോത്ഥാന സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഉയര്‍ത്തിയ വനിതാ മതില്‍ ചരിത്രവിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു വനിതാ മതിലില്‍ പങ്കെടുത്ത കേരളീയ സ്ത്രീ സമൂഹത്തിന് പിണറായി വിജയന്‍ അഭിവാദ്യം അര്‍പ്പിച്ചു. രാജ്യം കണ്ട വലിയ വനിതാമുന്നേറ്റമാണ് മതിലൂടെ കണ്ടെതെന്നും പിണറായി അറിയിച്ചു.
യാഥാസ്ഥിതിക- വര്‍ഗ്ഗീയ ശക്തികള്‍ക്കുള്ള താക്കീതാണ് വനിതാ മതില്‍. കേരളത്തിലെ സ്ത്രീ സമൂഹം പുരോഗമന ചിന്തയ്ക്കൊപ്പമെന്നും പിണറായി പറഞ്ഞു.
കൃത്യം ഒരു മാസം കൊണ്ടാണ് 620 കിലോ മീറ്റര്‍ ദൂരം സ്ത്രീകളുടെ വന്‍മതില്‍ തീര്‍ക്കുന്നതിനുളള പ്രവര്‍ത്തനം നടത്തിയത്. വനിതാ മതില്‍ സമാനതകളില്ലാത്ത സ്ത്രീമുന്നേറ്റമാക്കുന്നതിന് പിന്തുണ നല്‍കിയ സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
നവോത്ഥാന മൂല്യങ്ങളും സ്ത്രീകള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും നിഷേധിക്കാന്‍ സംഘടിതമായി ശ്രമിക്കുന്ന യാഥാസ്ഥിതിക-വര്‍ഗീയ ശക്തികള്‍ക്ക് വലിയൊരു താക്കീതാണ് വനിതാമതില്‍. കേരളത്തിലെ സ്ത്രീസമൂഹം പുരോഗമന ചിന്തയ്ക്കൊപ്പമാണെന്നതിന്റെ മഹാവിളംബരമായി വനിതാ മതില്‍ മാറി.