മുംബൈ: മഹാരാഷ്ട്രയും കർണാടകയും തമ്മിൽ അതിർത്തി തർക്കം രൂക്ഷമായിരിക്ക, സംസ്ഥാനം ഒരിഞ്ച് ഭൂമി വിട്ടുനൽകില്ലെന്ന് പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ആവശ്യമെങ്കിൽ സുപ്രീം കോടതിയെയും കേന്ദ്രത്തെയും സമീപിക്കുമെന്നും ഏകനാഥ് ഷിൻഡെ പറഞ്ഞു. മഹാരാഷ്ട്ര-കർണാടക അതിർത്തി തർക്കം സംബന്ധിച്ച മഹാരാഷ്ട്ര നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയതിന് തൊട്ടുപിന്നാലെയാണ് ഷിൻഡെയുടെ പ്രസ്താവന. കർണാടകയിലെ മറാത്തി സംസാരിക്കുന്ന 865 ഗ്രാമങ്ങളെ നിയമപരമായി സംസ്ഥാനത്തിൽ ഉൾപ്പെടുത്താനാണ് പ്രമേയം അവതരിപ്പിച്ചത്.
കർണാടക ഞങ്ങളെ വെല്ലുവിളിക്കരുത്, ബെൽഗാം, നിപാനി, കാർവാർ, ബിദർ, ഭാൽക്കി എന്നിവയുൾപ്പെടെ 865 വില്ലേജുകളിലെ ഒരിഞ്ച് ഭൂമി ഞങ്ങൾ വിട്ടുനൽകില്ലെന്ന് ഷിൻഡെ വ്യക്തമാക്കി. മറാത്തി സംസാരിക്കുന്ന ജനങ്ങളോടുള്ള അനീതി തടയാൻ നിയമപരമായി ഞങ്ങൾ എന്തും ചെയ്യും. വിഷയത്തിൽ ഇടപെടാൻ സുപ്രീം കോടതിയോടും കേന്ദ്ര സർക്കാരിനോടും ഞങ്ങൾ ആവശ്യപ്പെടുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞു. അതിർത്തി പ്രദേശങ്ങളിലെ മറാഠി സംസാരിക്കുന്ന ജനതക്കാി മഹാരാഷ്ട്ര സർക്കാർ നിലകൊള്ളുമെന്നും ഈ പ്രദേശങ്ങൾ മഹാരാഷ്ട്രയുടെ ഭാഗമാക്കുന്നതിന് സുപ്രീം കോടതിയിൽ നിയമപോരാട്ടത്തിന് പോകുമെന്നും പ്രമേയത്തിൽ വ്യക്തമാക്കിയിരുന്നു.
മഹാരാഷ്ട്ര പ്രമേയം പാസിക്കിയതിനെ അപലപിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രംഗത്തെത്തി. നേരത്തെ കർണാടകയും പ്രമേയം പാസാക്കിയിരുന്നു. കർണ്ണാടകയുടെ ഭൂമി, ജലം, ഭാഷ, കന്നഡക്കാരുടെ താൽപ്പര്യം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കുന്നതിനായി ഭരണഘടനാപരവും നിയമപരവുമായ നടപടികൾ കൈക്കൊള്ളാൻ ഞങ്ങൾ എല്ലാവരും പ്രതിജ്ഞാബദ്ധരാണെന്നും കർണാടകയും പ്രമേയത്തിൽ വ്യക്തമാക്കിയിരുന്നു.
നേരത്തെ, അമിത് ഷാ വിളിച്ച യോഗത്തിൽ സുപ്രീം കോടതി വിധി പ്രഖ്യാപിക്കുന്നതുവരെ ഇരു സംസ്ഥാനങ്ങളും അവകാശവാദം ഉന്നയിക്കില്ലെന്ന് ഇരുമുഖ്യമന്ത്രിമാരും ഉറപ്പ് നൽകിയിരുന്നു.
ഇരുസംസ്ഥാനങ്ങളിലെയും മൂന്ന് മന്ത്രിമാർ വീതം പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും ഷാ പറഞ്ഞിരുന്നു. ഇരു സംസ്ഥാനങ്ങളിലെയും ക്രമസമാധാനനില മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ നിരീക്ഷിക്കുമെന്നും അമിത് ഷാ പറഞ്ഞു. അതിനിടെയാണ് പ്രമേയം അവതരിപ്പിച്ച് ഇരുസംസ്ഥാനങ്ങളും രംഗത്തെത്തിയത്.